ടെക്സാസ് : അമേരിക്കയിലെ ഫോർട്ട് വർത്ത് നഗരത്തിൽ നടന്ന പ്രൈഡ് പരിപാടിക്കിടെ തെരുവ് പ്രസംഗകരായ ക്രൈസ്തവ വിശ്വാസികളോട് മോശമായി പെരുമാറിയ സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് തെറ്റുപറ്റിയെന്ന് സമ്മതിച്ച് പോലീസ് മേധാവി എഡ്ഡി ഗാർഷ്യ രംഗത്തെത്തി. പ്രസംഗകരുടെ വാക്കുകൾ കേൾവിക്കാരെ പ്രകോപിപ്പിച്ചു എന്നാരോപിച്ച് അവർക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ക്രൈസ്തവ പ്രസംഗകരായ ഡേവിഡ് ഗ്രിഷാം, റിച്ച് പെൻകോസ്കി എന്നിവരെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്നതും അറസ്റ്റ് ചെയ്യുമെന്ന് പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യു.എസ് നീതിന്യായ വകുപ്പ് സിവിൽ റൈറ്റ്സ് ഡിവിഷൻ നഗരസഭയ്ക്ക് കത്തയച്ചിരുന്നു.
നിയമപരമായ കാര്യങ്ങൾ ശരിയായ രീതിയിലല്ല ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തതെന്നും, ഇതിൽ വകുപ്പ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പോലീസ് മേധാവി അറിയിച്ചു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഫോർട്ട് വർത്ത് പോലീസ് സേനയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും പൗരാവകാശ നിയമങ്ങളെക്കുറിച്ചുമുള്ള പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.