Ultimate magazine theme for WordPress.

ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു : വെളിപ്പെടുത്തലുമായി യുഎസ്

ന്യൂയോര്‍ക്ക് : മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്കയുടെ വെളിപ്പെടുത്തല്‍. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍ വെളിപ്പെടുത്തിയത്. മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഈ മാസം ആദ്യം അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നു. വലിയ സമ്മേളനങ്ങളും സംഗീത പരിപാടികളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി റഷ്യയിലുള്ള അമേരിക്കക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും ദീര്‍ഘകാലമായി തുടരുന്ന മുന്നറിയിപ്പ് കൈമാറല്‍ നയം പ്രകാരം റഷ്യന്‍ അധികൃതര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് അഡ്രിന്‍ വാട്‌സണിന്റെ വെളിപ്പെടുത്തല്‍.

റഷ്യയെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. 60 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയും ഉണ്ട്.
സംഗീത പരിപാടിക്കിടെ മുഖം മൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിസംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരം പേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.

Leave A Reply

Your email address will not be published.