തിരുവനന്തപുരം: ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന് എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി .തന്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി കാര്യം വിശദീകരിച്ചത്.
സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ രാജ്യത്തിൻെറ പേര് ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് തിരുത്താനാണ് എൻസിആർടിസി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാർശ ചെയ്തിരിക്കുന്നു. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യയെന്നും ഭാരതം എന്നും ആണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്.
ഇന്ത്യ എന്ന സംജ്ഞ പ്രതിധാനം ചെയ്യുന്ന ഉൾ ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണ്. ഇതിൻെറ ഭാഗമായാണ് ഇന്ത്യ എന്ന പദത്തോടുള്ള വെറുപ്പ് .സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെ കുറിച്ചുള്ള ഭാഗവും ഗാന്ധി വാധത്തെതുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെ കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എൻ സി ഇ ആർ ടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടന വിരുദ്ധമായ നിർദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തു വരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.