Ultimate magazine theme for WordPress.

ഉച്ചഭക്ഷണത്തിനൊപ്പം നല്‍കുന്ന സാമ്പാറില്‍ പല്ലി വീണതിനെ തുടര്‍ന്ന് 70 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍.

ബെംഗലൂരു: ഉച്ചഭക്ഷണത്തിനൊപ്പം നല്‍കുന്ന സാമ്പാറില്‍ പല്ലി വീണതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ 70 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് ചാമരാജനഗറിലെ ഒരു ഗ്രാമത്തില്‍ സംഭവം നടന്നത്.കുട്ടികള്‍ സ്‌കൂളില്‍ നിന്ന് നല്‍കിയ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പാചകം ചെയ്യുന്നയാളാണ് സാമ്പാറില്‍ പല്ലി വീണത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാള്‍ കുട്ടികളെ വിവരമറിയിക്കുകയും ഭക്ഷണം തുടര്‍ന്ന് കഴിക്കുന്നത് തടയുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഭക്ഷണം കഴിച്ച എഴുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. വൈകാതെ തന്നെ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചു. ആര്‍ക്കും ഭയപ്പെടത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.എങ്കിലും വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ തന്നെ തുടരുകയാണ്. സംഭവം ഗ്രാമത്തില്‍ വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും രംഗത്തുവന്നിട്ടുണ്ട്. ഇതോടെ ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.സ്‌കൂളില്‍ മീറ്റിംഗ് സംഘടിപ്പിച്ച് കാര്യങ്ങള്‍ വിലയിരുത്താനാണ് നിലവിലെ തീരുമാനം. തുടര്‍ന്ന് ആരുടെയെങ്കിലും ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ പല്ലിയോ പാറ്റയോ പോലുള്ള ചെറുജീവികള്‍ വീഴുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അതേസമയം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാമെന്നും, മാനസികമായ വിഷമതയും ഇതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Leave A Reply

Your email address will not be published.