ടെക്സാസ് : പൊതുവിടങ്ങളിൽ ഉച്ചഭാഷിണിയിലൂടെയുള്ള മുസ്ലിം ബാങ്ക് വിളി നിരോധിക്കണമെന്നും അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമാണെന്നും ഇൻഡ്യാന ലെഫ്റ്റനന്റ് ഗവർണർ മിക്ക ബെക്ക്‌വിത്ത് പ്രസ്താവിച്ചു. അമേരിക്കയ്ക്ക് വ്യക്തമായ ക്രൈസ്തവ പാരമ്പര്യമുണ്ടെന്നും അതിനാൽ രാജ്യത്ത് ഇതര മതങ്ങളേക്കാൾ ക്രൈസ്തവ വിശ്വാസത്തിനാണ് മുൻഗണനയെന്നും ജൂണിൽ നടന്ന ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കൻ സുപ്രീം കോടതിയുടെ മുൻ വിധികൾ ചൂണ്ടിക്കാണിച്ചാണ് രാജ്യം ഒരു ക്രൈസ്തവ രാഷ്ട്രമാണെന്ന വാദം ലെഫ്റ്റനന്റ് ഗവർണർ ഉയർത്തിയത്. പൊതുവിടങ്ങളിൽ ഇസ്‌ലാമിക നിയമങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും, എന്നാൽ ജൂഡിയോ-ക്രിസ്ത്യൻ മൂല്യങ്ങൾ രാജ്യത്തിന്റെ പാരമ്പര്യമായതിനാൽ സ്കൂളുകളിൽ ബൈബിളിലെ പത്തു കൽപനകൾ സ്ഥാപിക്കാൻ നിയമപരമായ അനുവാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സുപ്രീം കോടതി വിധി വ്യക്തിപരമായ പ്രാർത്ഥനാ സ്വാതന്ത്ര്യത്തെ മാത്രമാണ് പിന്തുണച്ചതെന്നും അമേരിക്കയെ ക്രൈസ്തവ രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഇസ്ലാമിക സംഘടനയായ ‘കെയർ’ പ്രതികരിച്ചു. അതേസമയം, 1892-ലെ മറ്റൊരു സുപ്രീം കോടതി പരാമർശത്തിൽ അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമാണെന്ന് വിശേഷിപ്പിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Comments are closed.