Ultimate magazine theme for WordPress.

സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേര് മരിച്ചു. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടി സ്വദേശി മുരുകന്റെ മകന്‍ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14) ചികിത്സയില്‍ തുടരുകയാണ്. അജ്മലിന്റെ ബന്ധുവാണ് ഫെബിന്‍. സുല്‍ത്താന്‍ ബത്തേരി കുപ്പാടി കാരക്കണ്ടി സാഗര്‍ തിയറ്ററിന് സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍ ഏപ്രില്‍ 22-നായിരുന്നു സംഭവം. മൂന്നുവര്‍ഷത്തോളമായി ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ഇത് നേരത്തെ പടക്കശാല നടത്തിയിരുന്നവര്‍ വാടകയ്ക്ക് ഉപയോഗിച്ചിരുന്നു.
ഉഗ്രശബ്ദം കേട്ട് സമീപത്തെ വീടുകളിലുള്ളവര്‍ എത്തുമ്പോള്‍ കുട്ടികള്‍ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. സ്ഫോടനത്തില്‍ മൂന്നു പേര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിന് ഇടയാക്കിയത് വെടിമരുന്ന് തന്നെയാകാനാണ് സാധ്യതയെന്ന് ബത്തേരി ഡിവൈ.എസ്.പി വി.വി ബെന്നി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദഗ്ധ പരിശോധനക്കായി സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സംഭവത്തില്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേര്‍ക്കാനായിട്ടില്ല.

Leave A Reply

Your email address will not be published.