തിരുവല്ല: ക്രിസ്തു മനുഷ്യ മനസ്സിൽ വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ ഫലമെന്ന്
ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. ദൈവീക ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുകയും ഹൃദയത്തിൽ ഉരുവായ ക്രിസ്തു നമ്മിൽ വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ നിലനിൽക്കുന്ന ഫലങ്ങളെന്നും വ്യക്തികളിലേക്കാണ് ഉണർവിനെ ദൈവം അയയ്ക്കുന്നതെങ്കിലും
അത് സമൂഹത്തിലേക്ക് പകരപ്പെട്ട് ദൈവഹിതത്തിനു സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ മനോഭാവങ്ങളിലും ദർശനങ്ങളിലും സമഗ്രമായ മാറ്റങ്ങളും അഴിച്ചു പണികളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64ാമത് ജനറൽ കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
രാവിലെ നടന്ന തിരുവത്താഴ ശുശ്രൂഷക്ക് സഭയിലെ ബിഷപ്പന്മാർ നേതൃത്വം നൽകി. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി, രാഷ്ട്രത്തെ ഓർത്തു കൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാർത്ഥന സഭാ ആസ്ഥാനത്തെ ഓഫീസ് മന്ദിരാങ്കണത്തിൽ നടന്നു.
65-ാമത് സഭാദിന സ്തോത്ര ശുശ്രൂഷയ്ക്ക് ശേഷം പൂർണ്ണ സമയ സുവിശേഷ വേലക്കായി പ്രതിഷ്ഠിക്കപ്പെട്ടവർക്കുള്ള സമർപ്പണ പ്രാർത്ഥനക്ക് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം നേതൃത്വം നൽകി. ഉണർവ്വിൻ വർഷാചരണത്തോടനുബന്ധിച്ച് സഭ തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും കൺവൻഷൻ പന്തലിൽ നടന്നു. ബിഷപ്പ് ഡോ. എം. കെ കോശി, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, ബിഷപ്പ് ഏ. ഐ അലക്സാണ്ടർ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭാ ഉപാധ്യക്ഷൻ ഡെന്നി എൻ മത്തായി, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫ. ഡോ. ജോസി വർഗീസ്, റവ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ബിഷപ്പ് ഡോ. എം.കെ കോശി, റവ. ഷാജി ഫിലിപ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ് ഗാനശുശ്രൂഷ നയിച്ചു.
വികാരി ജനറാൾമാരായ റവ. സി.കെ ജേക്കബ്, റവ. ടി.കെ. തോമസ്, റവ. കെ.എസ് ജെയിംസ്, റവ. അനിഷ് തോമസ് ജോൺ, റവ. ഷൈൻ ബേബി സാം വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സമാപന പൊതുസമ്മേളനത്തിൽ ഡോ. കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.

Comments are closed.