റിയാദ്: സൗദിയിലെ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയില്‍ 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് ലൈനുകളും വിശാലമായ നഗരത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന 84 റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടുന്നുണ്ടെന്ന് സൗദി വാര്‍ത്താ പോര്‍ട്ടല്‍ അഖ്ബര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.
പരിസ്ഥിതി സൗഹൃദ നയത്തിന്‍റെ ഭാഗമായി നഗരത്തിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ട്രെയിനുകളാണ് റഇയോദ് മെട്രോയ്ക്കായി സര്‍വീസ് നടത്തുക. കൂടാതെ അതിന്‍റെ സ്റ്റേഷനുകള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അധികൃതരെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
