നാഗ്പൂർ: ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ മലയാളി വൈദികൻ ഫാ. സുധീർ, ബി.ജെ.പിയും ശിവസേനയും ബജ്റംഗ്ദളും തനിക്കെതിരെ ഭീഷണി മുഴക്കിയതായി ആരോപിച്ചു.
ക്രിസ്ത്യൻ വിശ്വാസികളോട് സംസാരിക്കുന്നതിനിടെയാണ് ജീവന് ഭീഷണി ഉണ്ടായതെന്നും മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ സ്ഥലങ്ങളിൽ കടന്നുകയറി പ്രവർത്തനം നടത്തിയിട്ടില്ലെന്നും ഫാ. സുധീർ വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കെ സഭാ വസ്ത്രം ധരിക്കാൻ അനുവദിച്ചില്ലെന്നും ബൈബിൾ വായിക്കരുതെന്ന് പൊലീസ് നിർദേശിച്ചുവെന്നും ഫാ. സുധീർ ആരോപിച്ചു.
ഹിന്ദുക്കൾക്കും .മുസ്ലിംകൾക്കും അവരുടെ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ, ക്രൈസ്തവ വൈദികർക്കും കന്യാസ്ത്രീകൾക്കും അത് നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് പാട്ടുകൾ പാടാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും, സഹായിക്കാനെത്തിയവരെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തതായും ഫാ. സുധീർ ചൂണ്ടിക്കാട്ടി.
സുവിശേഷ പ്രവർത്തനത്തിനാണ് തങ്ങൾ ഇറങ്ങിയതെന്നും, ദൈവം അവസരം നൽകുന്ന കാലത്തോളം സുവിശേഷം തുടരുമെന്നും ഫാ. സുധീറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഫാ. സുധീറിനെയും ഭാര്യയെയും ഉൾപ്പെടെ 12 പേരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Comments are closed.