ലോകമെമ്പാടുമുള്ള ക്രൈസ്തവരെ കൊന്നൊടുക്കുവാനുള്ള ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ പുറത്ത്

0 3,068

ലണ്ടന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പുതിയ വീഡിയോ പുറത്ത്. ഇതിനായി പ്രത്യേക പ്രചാരണ പരിപാടി തന്നെ ജിഹാദി സംഘടന ആരംഭിച്ചിട്ടുണ്ടെന്നു മെയിര്‍ അമിത് ഇന്റലിജന്‍സ് ആന്‍ഡ്‌ ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഫെബ്രുവരി 6-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പില്‍ ആക്രമണം നടത്തുവാന്‍ തീവ്ര ഇസ്ലാമികവാദികളോട് സംഘടന ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്വീഡനില്‍ തീവ്രവലതുപക്ഷ നേതാവ് ഖുറാന്‍ കത്തിച്ചത്, ഇസ്ലാമിനെതിരെയുള്ള അപമാനമായി കണ്ട് മുസ്ലീങ്ങള്‍ ലോകമെമ്പാടും ക്രൈസ്തവരുടെ രക്തം ചിന്തണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ്‌ ഐസിസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ടെലഗ്രാം ചാനലിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ തങ്ങളുടെ മതത്തെ സംരക്ഷിക്കണമെന്നും, ‘അടിക്ക് പകരം അടി’ എന്ന തത്വം സ്വീകരിക്കണമെന്നും ആഹ്വാനത്തില്‍ എടുത്തു പറയുന്നുണ്ട്. തുര്‍ക്കിയോടും ഇസ്ലാമിനോടുമുള്ള പ്രതിഷേധ സൂചകമായി ഡാനിഷ്-സ്വീഡിഷ് വലതുപക്ഷ രാഷ്ട്രീയ നേതാവായ റാസ്മസ് പലൂഡാന്‍ സ്വീഡനില്‍ ജനുവരി 21-ന് ഖുറാന്‍ കത്തിച്ചിരുന്നു. നാറ്റോയില്‍ അംഗമാകുവാനുള്ള സ്കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളുടെ ശ്രമത്തെ പിന്തുണക്കുകയില്ല എന്ന തുര്‍ക്കിയുടെ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായി തുര്‍ക്കി എംബസിക്ക് മുന്നില്‍വെച്ചാണ് പലൂഡാന്‍ ഖുറാന്‍ കത്തിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമായി.

ഇതിനെതിരെ പല മുസ്ലീം രാഷ്ട്രങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരിന്നു. ജനുവരി 24-ന് കിഴക്കന്‍ കോംഗോയില്‍ 23 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനത്തിന്റെ വെളിച്ചത്തിലാണെന്നാണ് കരുതപ്പെടുന്നത്. സമീപ കാലത്ത് മൊസാംബിക്കന്‍ സൈനികരെ കൊലപ്പെടുത്തിയതും ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരം തന്നെയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഐസിസ് അനുകൂല സംഘടനയായ മതാനി ഫൗണ്ടേഷനും ക്രൈസ്തവരെ കൊല്ലുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് “എവിടെവെച്ച് കാണുന്നുവോ അവിടെ വെച്ച് അവരെ (അവിശ്വാസികൾ – ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍) കൊല്ലുക” എന്ന തലക്കെട്ടോടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഖുറാന്‍ കത്തിച്ചുകൊണ്ട് മുസ്ലീങ്ങളെ അപമാനിച്ച പലൂഡന് സ്വീഡിഷ് അധികാരികള്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും, സാധ്യമായ രീതിയിലെല്ലാം അവിശ്വാസികളെ കൊല്ലുവാനുമാണ് വീഡിയോയില്‍ പറയുന്നത്.

\"\"
തൊഴില്‍ ഉപകരണങ്ങളും, ട്രക്കുകളും, കൈയിലുള്ള മറ്റ് ഉപകരണങ്ങളും കൊലക്ക് ഉപയോഗിക്കാമെന്നും, നെയില്‍ ഗണ്‍ ഉപയോഗിച്ച് ക്രൈസ്തവരെ കുരിശില്‍ തറക്കണമെന്നും, ട്രക്ക് ഡ്രൈവറാണെങ്കില്‍ ക്രൈസ്തവരുടെ ചോരകൊണ്ട് തെരുവുകള്‍ കഴുകുന്നത് വരെ ക്രൈസ്തവരെ വണ്ടി കയറ്റി കൊല്ലണമെന്നും വീഡിയോയില്‍ പറയുന്നു. സാധാരണക്കാരനെന്നോ സുരക്ഷാ ഉദ്യോഗസ്ഥനെന്നോ യാതൊരു വ്യത്യാസവുമില്ലാതെ അവിശ്വാസികളെ ആക്രമിക്കണമെന്ന് 2014-2016 കാലയളവില്‍ സംഘടനയുടെ വക്താവായിരുന്ന അബു മുഹമ്മദ്‌ അല്‍-അഡ്നാനി പറയുന്ന ഒരു വോയിസ് ക്ലിപ്പും, യൂറോപ്പ്യന്‍ മണ്ണില്‍ ഐസിസും, അനുകൂല സംഘടനകളും നടത്തിയ ആക്രമണങ്ങളുടെ ക്ലിപ്പുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.