*ഭവനരഹിതർക്ക് കൂടാരമൊരുക്കിയ ചർച്ചിന് നഗരസഭയുടെ താക്കീത്; പിഴ ഭയന്ന് ആളുകളെ ഹാളിനുള്ളിലേക്ക് മാറ്റി*
യുഎസ് : അമേരിക്കയിലെ മേരിലാൻഡിൽ ഭവനരഹിതരായ ഒരു കൂട്ടം ആളുകൾക്ക് തങ്ങളുടെ സ്ഥലത്ത് കൂടാരങ്ങൾ അടിക്കാൻ അനുവാദം നൽകിയ സെന്റ് പോൾസ് ബൈ-ദി-സീ എപ്പിസ്കോപ്പൽ ചർച്ച് അധികൃതരുടെ നടപടി വിവാദത്തിലായി. ഓഷ്യൻ സിറ്റിയിലെ ചർച്ച് വളപ്പിൽ കൂടാരങ്ങൾ സ്ഥാപിച്ചത് നഗരസഭയുടെ സോണിംഗ് നിയമങ്ങളുടെ ലംഘനമാണെന്ന് സിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. നിയമം ലംഘിച്ചാൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ സഭയ്ക്ക് പ്രതിദിനം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നഗരസഭയുടെ കടുത്ത നിലപാടിനെത്തുടർന്ന് ചർച്ച് അധികൃതർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഭവനരഹിതർക്ക് സുരക്ഷിതമായ അഭയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൂടാരങ്ങൾ അനുവദിച്ചതെന്ന് പാസ്റ്റർ ജിൽ വില്യംസ് പറഞ്ഞു. എന്നാൽ പിഴ ശിക്ഷ ഒഴിവാക്കാനായി പുറത്തെ കൂടാരങ്ങൾ നീക്കം ചെയ്യുകയും അവിടെയുണ്ടായിരുന്ന വ്യക്തികളെ ചർച്ചിന്റെ പാരിഷ് ഹാളിനുള്ളിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇവർക്ക് സുരക്ഷിതമായ ഇടം നൽകുക എന്നത് സഭയുടെ ഉത്തരവാദിത്തമാണെന്ന് പാസ്റ്റർ കൂട്ടിച്ചേർത്തു.

Comments are closed.