മെക്‌സിക്കന്‍ വൈദികര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ താരഹുമാരയിലെ സെറോകാഹുയിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നീ വൈദികരാണ് തിങ്കളാഴ്ച ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആയുധധാരിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അഭയം തേടി പള്ളിയിലേക്ക് ഓടിക്കയറിയ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് വൈദികരുടെയും ജീവന്‍ നഷ്ട്ടമായതെന്ന് ജെസ്യൂട്ട് സമൂഹത്തിന്റെ മെക്സിക്കോ പ്രവിശ്യയുടെ അധ്യക്ഷന്‍ ഫാ. ലൂയിസ് ജെറാർഡോ മോറോ പറഞ്ഞു.
സംഭവത്തെ അപലപിച്ച ഫാ. മാഡ്രിഡ് അതിവേഗ അന്വേഷണം വേണമെന്നും സമൂഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അക്രമത്തില്‍ ജെസ്യൂട്ട് ആഗോള സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. ആർതുറോ സോസയും ദുഃഖം പ്രകടിപ്പിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സിക്കോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ കൊല്ലപ്പെട്ടെന്ന് ചർച്ച് ഇൻ നീഡ് സംഘടന രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലാണ് ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത്.
