ഡൽഹി: ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ച് പുതിയ എഫ്.സി.ആർ.എ (FCRA) നിയമഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഈ ബിൽ പരിഗണിക്കാൻ തീരുമാനിച്ചതോടെ, തുടർനടപടികളിലേക്ക് കടക്കാൻ സി.ബി.സി.ഐ (CBCI) ആലോചനകൾ തുടങ്ങി. മുഴുവൻ എം.പിമാർക്കും വീണ്ടും കത്തയയ്ക്കുന്നത് പരിഗണനയിലാണ്.
ബിൽ പിൻവലിക്കണമെന്ന് സി.ബി.സി.ഐ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമിത് ഷായെയും കിരൺ റിജിജുവിനെയും നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിട്ടും ഫലമുണ്ടായില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്.സി.ആർ.എ ലൈസൻസ് പുതുക്കിയില്ലെങ്കിലോ, റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കാതിരുന്നാലോ ആസ്തികൾ കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ വിവാദ ബിൽ.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിച്ച ഈ ബിൽ, കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ചർച്ച ചെയ്യാതെ മാറ്റിവെക്കുകയായിരുന്നു. എന്നാൽ, വരുന്ന തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പരിഗണിക്കുന്നതിനായി ലോക്സഭാ സെക്രട്ടേറിയറ്റ് ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന ബില്ലുകളിൽ എഫ്.സി.ആർ.എ ഭേദഗതി ബില്ലും ഉൾപ്പെട്ടിട്ടുണ്ട്.

Comments are closed.