അരിസോണ : അരിസോണയിലെ ന്യൂ റിവർ ബൈബിൾ ചാപ്പലിലെ 76-കാരനായ പാസ്റ്റർ ബിൽ ഷോണമാനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം ഷീഫിന് (52) ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അമേരിക്കൻ കോടതി. ക്രിസ്തുവിനെപ്പോലെ ഭിത്തിയിൽ കൈകൾ തറച്ചുവെച്ചും തലയിൽ മുള്ളുകൾ അണിയിച്ചുമാണ് പ്രതി കൊലപാതകം നടത്തിയത്.
ക്രിസ്തീയ ഉപദേശങ്ങൾക്കെതിരെ വിദ്വേഷം വച്ചുപുലർത്തിയ ഇയാൾ, മറ്റ് 13 ക്രൈസ്തവ നേതാക്കളെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘത്തോട് സമ്മതിച്ചു. നേരത്തെ വധശിക്ഷ ആവശ്യപ്പെട്ടിരുന്ന പ്രതി, വിമാന അപകടത്തിൽ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പ്ലീ ഡീൽ വഴി ജീവപര്യന്തം ശിക്ഷ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.
ജീവപര്യന്തം ശിക്ഷയ്ക്ക് പുറമെ വധശ്രമം ഉൾപ്പെടെയുള്ള മറ്റ് കുറ്റങ്ങൾക്ക് 85 വർഷത്തെ അധിക തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. വിചാരണ വേളയിൽ കൊല്ലപ്പെട്ട വൈദികന്റെ കുടുംബത്തോട് പ്രതി മാപ്പപേക്ഷിച്ചു. ചെറുപ്പം മുതലേ കടുത്ത ലഹരി ഉപയോഗത്തിനും നിഗൂഢമായ മതവിശ്വാസങ്ങൾക്കും അടിമയായിരുന്ന ഇയാൾക്ക് വലിയ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുണ്ട്.

Comments are closed.