ഇന്ത്യയുടെയും ലോകത്തിന്റെയും പ്രതീക്ഷകളുമായി മുന്നേറുന്ന ചന്ദ്രയാൻ-3 ദൗത്യം ലക്ഷ്യത്തിന് തൊട്ടരികെ. 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ്. ഇതിനുമുന്നോടിയായി ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യങ്ങളിലൊന്ന് എന്ന അപൂർവ ബഹുമതി ഇന്ത്യയുടെ പേരിൽ വിക്രം ലാൻഡർ കുറിക്കും.
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ലാൻഡർ മൊഡ്യൂളിനെ ഐ എസ് ആർ ഒ വേർപെടുത്തിയത്. ‘സവാരിക്ക് നന്ദി പങ്കാളി!’ എന്ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിനോട് യാത്ര പറയുന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് വേർപെടുത്തൽ പ്രക്രിയ വിജയകരമായ കാര്യം ഐ എസ് ആർ ഒ പങ്കുവച്ചത്.
ഇനി തനിച്ച് സഞ്ചരിക്കുന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രന്റെ കുറച്ചുകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ഡീ ബൂസ്റ്റ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ നാളെ വൈകീട്ട് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഡീ ബൂസ്റ്റ് പ്രക്രിയ കഴിയുന്നതോടെ ചന്ദ്രനിൽനിന്ന് കൂടിയ കൂടിയ അകലം 100 കിലോമീറ്ററും (അപൊലൂൺ) കുറഞ്ഞ അകലം 30 കിലോമീറ്ററുമുള്ള (പെരിലൂൺ) ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകം എത്തുമെന്നാണ് ഐ എസ് ആർ ഒ അറിയിച്ചിരുന്നത്. ചന്ദ്രോപരിതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴാണ് വിക്രം ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തുക. തുടർന്ന് അതിനുള്ളിലെ പ്രഗ്യാൻ റോവർ പുറത്തുവന്ന് ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും.
നിയന്ത്രണം നഷ്ടമായി ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാൻ പ്രവേഗം നിയന്ത്രിച്ചാണ് ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കുക. സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. വേഗം മൂന്ന് മീറ്റർ ആയാൽ പോയാലും ലാൻഡർ തകരാത്തവിധമുള്ള മുന്നൊരുക്കമാണ് ഇത്തവണ ഐ എസ് ആർ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലാൻഡറിന് കൂടുതൽ കരുത്തുള്ള കാലുകളാണ് നൽകിയിരിക്കുന്നത്.
ലാന്‍ഡര്‍ മൊഡ്യൂളില്‍ നാലു ത്രസ്റ്റര്‍ എന്‍ജിനുകളാണുള്ളത്. രണ്ടു ത്രസ്റ്റര്‍ എന്‍ജിനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് ലാൻഡറിനെ വേഗം കുറയ്ക്കുക. ത്രസ്റ്റുകൾ എതിർദിശയിലേക്ക് പ്രവർത്തിപ്പിച്ചാണ് വേഗനിയന്ത്രണം സാധ്യമാക്കുക.
