Ultimate magazine theme for WordPress.

യഹൂദവല്‍ക്കരണവും ഖബര്‍സ്ഥാന്‍ പൊളിച്ചുനീക്കുന്നതും തുടരുന്നു ഇസ്രായേൽ

ഗസ്സ: തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഫലസ്തീനിലെ യൂസുഫിയ ഖബര്‍സ്ഥാന്‍ പൊളിക്കുന്നത് തുടര്‍ന്ന് ഇസ്രായേല്‍. അധിനിവേശ നഗരമായ ജറുസലേമിലെ അല്‍-അഖ്സ പള്ളിക്ക് സമീപമാണ് യൂസുഫിയ ഖബര്‍സ്ഥാന്‍ നിലകൊള്ളുന്നത്. ഇസ്രായേല്‍ ജീവനക്കാര്‍ യഹൂദവല്‍ക്കരണവും ഖബര്‍സ്ഥാന്‍ പൊളിച്ചുനീക്കുന്നതും തുടരുകയാണെന്ന് ഇസ്ലാമിക് ശ്മശാനങ്ങളുടെ സംരക്ഷണ സമിതിയുടെ തലവന്‍ മുസ്തഫ അബു സഹ്റ പറഞ്ഞു. പാര്‍ക്ക് നിര്‍മിക്കാന്‍ വേണ്ടിയാണ് ഖബര്‍സ്ഥാന്‍ പൊളിച്ചുമാറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു.2022 പകുതിയോടെ ജൂതര്‍ക്ക് വേണ്ടി 1.4 ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ഖബര്‍സ്ഥാനെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക. മസ്ജിദ് അഖ്‌സ കോമ്പൗണ്ടിന്റെ മതിലുകളില്‍നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ശ്മശാനം ബാബ് അല്‍-അസ്ബത്ത് (ലയണ്‍സ് ഗേറ്റ്) എന്നും അറിയപ്പെടുന്നു.

\"\"
ഏതാനും ആഴ്ചകളായി ഇവിടെ വലിയരീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇസ്രായേല്‍ സൈന്യം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്യുകയും മര്‍ദ്ദിക്കുകയും ബലമായി നീക്കംചെയ്യുകയുമാണ്. മൂന്നാഴ്ചമുമ്പ് ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ജോലിക്കാര്‍ ശ്മശാനത്തിലെത്തി മണ്ണ് ഉത്ഖനനം ചെയ്യുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇതും വലിയ പ്രതിഷേധത്തിനും പ്രാര്‍ഥനാ സമരങ്ങള്‍ക്കും വഴിവെച്ചിരുന്നു. നിലവില്‍ പള്ളിയുടേയും ശ്മശാനത്തിന്റെയും പരിസരത്ത് ഫലസ്തീനികള്‍ തമ്പടിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ കല്ലറകള്‍ക്ക് സമീപം പ്രതിഷേധിക്കുന്ന ഫലസ്തീനികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ചകളിലായി പുറത്തുവന്നിരുന്നു.അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഫലസ്തീന്‍, അടയാളങ്ങളില്‍ ഒന്നാണ് അല്‍-യൂസുഫിയ സെമിത്തേരി. അയ്യൂബി കാലഘട്ടത്തില്‍ യൂസുഫ് ബിന്‍ അയ്യൂബ് ബിന്‍ ഷഹ്ദാന്‍ എന്നറിയപ്പെടുന്ന നേതാവാണ് ഖബര്‍സ്ഥാന്‍ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് ശ്മശാനം അറിയപ്പെടുന്നതും.വര്‍ഷങ്ങള്‍ നീണ്ട പദ്ധതിയിലൂടെയാണ് ഇസ്രായേല്‍ യൂസുഫിയ ഖബര്‍സ്ഥാന്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ഒരു ദശകമായി, അധിനിവേശ അധികാരികള്‍ പ്രദേശത്തിന്റെ മുഖഛായ മാറ്റാനുള്ള ശ്രമത്തിലാണ്. 2004-ല്‍, അവര്‍ നിരവധി ഖബറുകള്‍ പൊളിക്കാന്‍ ഉത്തരവിടുകയും അറ്റകുറ്റപ്പണികള്‍ നിരോധിക്കുകയും ചെയ്തിരുന്നു.
10 വര്‍ഷത്തിനു ശേഷം, അധികാരികള്‍ പുതിയ ഖബറുകള്‍ കുഴിക്കുന്നത് തടയുകയും ജറുസലേമിലെ മരിച്ചവരെ അവിടെ അടക്കം ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ജോര്‍ദാന്‍കാരുടെ നിരവധി ശവക്കുഴികളും തകര്‍ത്തിട്ടുണ്ട്.

Sharjah city AG