കേപ് ടൗൺ : ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ മുന്നറിയിപ്പ്. മാലി, ബുർക്കിനാ ഫാസോ, നൈജർ, ചാഡ്, കാമറൂൺ, നൈജീരിയ തുടങ്ങിയ വടക്ക് – പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമായിരുന്നു മുമ്പ് ഇസ്ലാമിക തീവ്രവാദം വ്യാപിച്ചിരുന്നത്. എന്നാൽ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി തീവ്രവാദി ആക്രമണങ്ങൾ വ്യാപിക്കുന്നത് തുടരുകയാണെന്നും 2022 നവംബർ മുതൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബെനിൻ വരെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും എസിഎൻ വെളിപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള വ്യക്തികളുടെ സാന്നിധ്യം വർധിച്ചിട്ടും അധികാരികൾ പുലർത്തുന്ന നിസംഗതയിൽ ആഫ്രിക്കൻ കത്തോലിക്ക സഭ ആശങ്ക പ്രകടിപ്പിച്ചു. സതേൺ ആഫ്രിക്കൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് അംഗങ്ങളുടെ പ്ലീനറി സെഷനിലെ ഉദ്ഘാടന പ്രസംഗത്തിലാണ് ബിഷപ്പ് സിതെംബെലെ സിപുക ഇക്കാര്യം ഉന്നയിച്ചത്.
മൊസാംബിക്കിലെയും നൈജീരിയയിലെയും പ്രവർത്തനങ്ങളെ വീക്ഷിക്കുമ്പോൾ ഈ തീവ്രവാദ സംഘം ആഫ്രിക്കയിലുടനീളം വലിയ വിപത്താണ് സൃഷ്‌ടിക്കുന്നതെന്ന് എസ്എസിബിസി പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് സിപുക പറഞ്ഞു.
രാജ്യത്ത് വർധിച്ചുവരുന്ന സായുധ കവർച്ചകൾ, തട്ടിക്കൊണ്ടുപോകൽ, മറ്റ് ആക്രമണങ്ങൾ എന്നിവയ്ക്കു പിന്നിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം അവഗണിക്കാൻ പാടില്ലാത്ത ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. മൊസാംബിക്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ അസ്ഥിരതയ്ക്കു കാരണവും ഐഎസാണ്. സാധാരണ ജനങ്ങൾക്കിടയിൽ വളരെയധികം ദുരിതമാണ് ഇവർ കൊണ്ടുവരുന്നത്. രാജ്യത്തു സമാധാനം കൊണ്ടുവരാൻ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയിൽ മേയ് 29-ന് നടന്ന പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് രൂപീകരിച്ച ദേശീയ ഐക്യ സർക്കാരിൽ ബിഷപ്പ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Comments are closed.