Ultimate magazine theme for WordPress.

20,000 കോടിക്ക് വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി 20,000 കോടി രൂപയ്ക്കടുത്ത് ചെലവാക്കി സ്‌പെയിന്‍ എയര്‍ബസ് ഡിഫെന്‍സ് ആന്‍ഡ് സ്‌പേസില്‍ നിന്ന് 56 C-295MW വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ. ഇതിനായി പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ അവ്‌രോ 748 വിമാനങ്ങള്‍ക്കു പകരമായി 56 സി 295 എംഡബ്ല്യു വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. കരാര്‍ പ്രകാരം 48 മാസത്തിനുള്ളില്‍ 16 വിമാനങ്ങളാണ് ഇന്ത്യയ്ക്കു ലഭിക്കുക.

സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യ പ്രകാരം ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വര്‍ഷത്തില്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മിക്കുക. കരാറിന് സെപ്റ്റംബര്‍ ആദ്യവാരം കേന്ദ്ര കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. 1960 കളിലാണു ഇന്ത്യന്‍ വ്യോമസേന 56 അവ്‌രോ വിമാനങ്ങള്‍ സ്വന്തമാക്കിയത്. 2013 മേയിലാണു പുതിയ വിമാനങ്ങള്‍ക്കായി കേന്ദ്രം നീക്കം നടത്തിയത്.

എയര്‍ബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് 2015 മേയില്‍ ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. എന്നാല്‍ അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു. അഞ്ച് മുതല്‍ 10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള സി 295 എംഡബ്ല്യു വിമാനങ്ങളില്‍നിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്.

എയര്‍ബസ് ഡിഫന്‍സിനെയും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും പ്രതിരോധ മന്ത്രാലയത്തിനെയും ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അഭിനന്ദിച്ചു. ഇന്ത്യയില്‍ വ്യോമയാന മേഖലയിലെ പദ്ധതികള്‍ക്കു വാതില്‍തുറക്കുന്നതാകും നീക്കമെന്നും രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു.

Leave A Reply

Your email address will not be published.