പാർലമെന്റിലെ പ്രതിഷേധത്തിനൊപ്പം സംസ്ഥാനത്തെ യഥാർഥ സാഹചര്യം ആഴത്തിലറിയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടി സഖ്യമായ ‘ഇന്ത്യ’ പ്രതിനിധികൾ ഇന്ന് മണിപ്പൂരിലെത്തും. പാർലമെന്റിൽ മണിപ്പൂർ വിഷയത്തിൽ അവിശ്വാസപ്രമേയ അവതരണത്തിന് മുന്നോടിയായാണ് സന്ദർശനം. 20 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇതിൽ 20 എംപിമാരും ഉൾപ്പെടും. രണ്ട് ദിവസം പ്രതിപക്ഷ സംഘം മണിപ്പൂരിൽ തുടരും. സംസ്ഥാനത്തെ താഴ്വരകളിലും മലയോരമേഖലകളിലും സന്ദർശനം നടത്തും. അഭയാർഥി ക്യാമ്പുകളിലെ സാഹചര്യവും വിലയിരുത്തും. ശേഷം മണിപ്പൂർ ഗവർണറേയും പ്രതിപക്ഷസംഘം കാണും. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ഉപനേതാവ് ഗൗരവ് ഗോഗോയ്, ജെഡിയുവിൽ നിന്ന് ലാലൻ സിങ്, തൃണമൂൽ കോൺഗ്രസ് പ്രതിനിധി സുസ്മിത ദേവ്, ഡിഎംകെയിൽ നിന്ന് കനിമൊഴി, സിപിഐയുടെ പി സന്തോഷ് കുമാർ, സിപിഎമ്മിന്റെ എ എ റഹീം, ആർജെഡിയുടെ മനോജ് ഝാ, സമാജ്‌വാദി പാർട്ടിയിൽ നിന്ന് ജാവേദ് അലി ഖാൻ, ജെഎംഎമ്മിന്റെ മഹുവ മാജി, എൻസിപിയുടെ മുഹമ്മദ് ഫൈസൽ, ഐയുഎംഎല്ലിന്റെ ഇ ടി മുഹമ്മദ് ബഷീർ, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ, എഎപിയുടെ സുശീൽ ഗുപ്ത, ശിവസേനയിൽ നിന്ന് അരവിന്ദ് സാവന്ത്, വിസികെയിൽ നിന്ന് രവികുമാർ തിരുമാവളവൻ, ആർഎൽഡിയുടെ ജയന്ത് ചൗധരി എന്നിവരും സംഘത്തിലുണ്ട്.
