ന്യൂഡൽഹി: കനേഡിയൻ സർക്കാരിൽ വിശ്വാസമില്ലെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായ സഞ്ജയ് വർമ്മ അടക്കമുള്ള നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ കാനഡയ്ക്ക് കഴിയില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
ഹർദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇന്ത്യ ഹൈക്കമ്മിഷണറെ പിൻവലിക്കാനും ഇന്ത്യ തീരുമാനിച്ചു. ഒപ്പം ഡൽഹിയിലുള്ള കനേഡിയൻ ഹൈക്കമ്മിഷണറുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും നൽകി.
കാനഡ ഏതെങ്കിലും തരത്തിലുള്ള നിയമ നടപടിയുമായി മുന്നോട്ടുപോയാൽ ഇന്ത്യയും സമാനമായ രീതിയിൽ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹർദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വർമ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പേരെടുത്ത് വിമർശിച്ചു.
ട്രൂഡോയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. അജണ്ട വെച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും ഇതിന്റെ പേരിൽ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
