Ultimate magazine theme for WordPress.

പുതിയതായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി മാർപാപ്പയുടെയും വൈദികരുടെയും പേരുകൾ നൽകി

വത്തിക്കാന്‍ സിറ്റി: പുതിയതായി കണ്ടെത്തിയ നാല് ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി പതിമൂന്നാമന്‍ മാർപാപ്പയുടെയും വൈദികരുടെയും പേരുകൾ നൽകി. വത്തിക്കാൻ ഒബ്സർവേറ്ററിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന ക്രിസ്റ്റഫർ ഗ്രാനിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഇന്റർനാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ, സ്മോൾ ബോഡീസ് നോമിൻക്ലേച്ചറാണ് പുതിയ ഛിന്നഗ്രഹങ്ങളുടെ വിശദാംശങ്ങളും, അവയുടെ പേരുകളും ഫെബ്രുവരി മാസം ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിൽ ഒരു ഛിന്നഗ്രഹത്തിന്റെ പേര് 560974 ഉഗോബോൻകോംപാഗ്നി എന്നാണ്. ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയോടുള്ള ആദരസൂചകമായാണ് അതിന് അങ്ങനെ പേരിട്ടത്. പാപ്പയുടെ യഥാർത്ഥ പേര് ഉഗോ ബോൻകോംപാഗ്നി എന്നായിരുന്നു. പുതിയ കലണ്ടറിന് രൂപം നൽകാൻ ഫാ. ക്രിസ്റ്റഫർ ക്ലാവിയൂസ് എന്ന ജെസ്യൂട്ട് വൈദികനെ പതിനാറാം നൂറ്റാണ്ടിൽ നിയോഗിക്കുന്നത് ഗ്രിഗറി മാർപാപ്പയാണ്. അതിനാലാണ് കലണ്ടറിന് ഗ്രിഗോറിയൻ കലണ്ടർ എന്ന പേര് വന്നത്.

മറ്റ് മൂന്ന് ഛിന്നഗ്രഹങ്ങളിൽ, രണ്ട് ഛിന്നഗ്രഹങ്ങൾക്ക് മുൻപ് വത്തിക്കാൻ ഒബ്സർവേറ്ററിയിൽ സേവനം ചെയ്തിരുന്ന രണ്ട് ജെസ്യൂട്ട് വൈദികരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. 1906 മുതൽ 1930 വരെ ഒബ്സർവേറ്ററിയുടെ അധ്യക്ഷ പദവി വഹിച്ച ഫാ.ജൊഹാൻഹെഗന്റെ പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം 562971 ജൊഹാൻഹെഗൻ എന്ന പേരിൽ അറിയപ്പെടും. വത്തിക്കാൻ ഒബ്സർവേറ്ററിയിൽ സേവനം ചെയ്തിരുന്ന ഫാ. ബിൽ സ്റ്റോയിഗറിന്റെ പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം അറിയപ്പെടാൻ പോകുന്നത് 551878 സ്റ്റോയിഗർ എന്നായിരിക്കും. 565184 ജാനുസ് എന്ന പേര് നൽകിയിരിക്കുന്ന ഛിന്നഗ്രഹം ഇപ്പോൾ ഒബ്സർവേറ്ററിയിൽ സേവനം ചെയ്യുന്ന ഫാ. റോബർട്ട് ജാനുസിന്റെ പേരിൽ ആയിരിക്കും ഇനി അറിയപ്പെടുക.

Leave A Reply

Your email address will not be published.