കൊട്ടാരക്കര: ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് രണ്ടു പതിറ്റാണ്ട് നിറവാർന്ന പ്രവർത്തനം കാഴ്ചവച്ച തലച്ചിറ യുവ സാരഥിയുടെ സജി തോമസ് കൊട്ടാരക്കരയ്ക്ക് തിരുവനന്തപുരം കേരള ഗാന്ധി സ്മാരക നിധി ഏർപ്പെടുത്തിയ ടിഎംകെ ഗാന്ധി പീസ് പുരസ്കാരം.
ആഗസ്റ്റ് 5ന് തിരുവനന്തപുരം തൈക്കാട് ഗാന്ധി സ്മാരകനിധി ആസ്ഥാനത്ത് നടക്കുന്ന ദിസ് എബിളേഴ്സ് സംസ്ഥാന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
ഒന്നര വയസ്സിൽ പോളിയോ വന്നു ശരീരം തളർന്നു ആറാം വയസ്സിൽ ഒരു ഊന്നുവടിയുടെ സഹായത്താൽ എഴുന്നേറ്റ
സജി ശാരീരിക പരിമിതികളെ വെല്ലുവിളിച്ചു പ്രാഥമിക വിദ്യാഭ്യാസവും ബിരുദവും നേടി.സുമനസ്സുകളുടെ സഹകരണത്തോടെ നിർധനരായ
16 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള ഭവനം,
350 ൽപരം വൃക്ക രോഗികൾക്ക് ഡയാലിസിസ്,
2100 വിദ്യാർഥികൾക്കുള്ള പഠന സഹായം,34 കുടുംബങ്ങൾക്ക് എല്ലാ മാസവും പ്രതിമാസ ആഹാരകിറ്റ് ,മൂന്നു
പെൺകുട്ടികൾക്കുള്ള വിവാഹ സഹായം,
സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പരിശീലനം,സൗജന്യ ട്യൂഷൻ തുടങ്ങി ജീവകാരുണ്യ രംഗത്ത് 44 കാരനായ
സജിയുടെ കയ്യൊപ്പ്
ചാർത്താത്ത മേഖലകളില്ല.
പിതാവ് കെ.തോമസിന്റെ നിര്യാണത്തിനുശേഷം മാതാവ് കുഞ്ഞുമോൾ സജിക്ക് കൈത്താങ്ങായി.സാമൂഹ്യ സേവന രംഗത്ത് ഇപ്പോൾ ഭാര്യ സോണിയയും മക്കൾ മീഖാ,മിലൻ എന്നിവരും കൂട്ടായിട്ടുണ്ട്.അമേരിക്കൻ മലയാളി സംഘടനകളുടെ ക്ഷണപ്രകാരം കഴിഞ്ഞമാസം തൻ്റെ സന്തതസഹചാരിയായ ഊന്ന് വടിയോടൊപ്പം ഏഴാം കടലിനക്കരെ എത്തിയതും സജിയെ സ്നേഹിക്കുന്നവരുടെ മനസ്സിൻ്റെ വിശാലതയാണ്.തലച്ചിറ വൈഎംസിഎ സെക്രട്ടറി,ശാലേം മാർത്തോമാ ചർച്ച് യുവജനസഖ്യം സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
