റായ്പൂര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഈ ആരോപണങ്ങള്‍ മനഃപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.
‘സോഷ്യല്‍ മീഡിയയിലൂടെ മതപരിവര്‍ത്തനത്തിന്റെ പുതിയ ഗെയിം: വാട്ട്സ്അപ്പ് വഴി ഗോത്രക്കാരെ ക്രിസ്ത്യാനികളാക്കുന്നു’ എന്ന തലക്കെട്ടില്‍ ഇതു സംബന്ധിച്ച ഒരു വാര്‍ത്ത അവിടെയുള്ള പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യാനികള്‍ ആദിവാസി കുടുംബങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച് മതപരിവര്‍ത്തനത്തിനായി ഓണ്‍ലൈനില്‍ ലക്ഷ്യമിടുന്നുവെന്നും, ആദിവാസി പെണ്‍കുട്ടികളെ പ്രേമത്തില്‍ കുടുക്കുകയാണെന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.
ക്രൈസ്തവര്‍ക്കെതിരെ നടന്നുവരുന്ന അപവാദ പ്രചാരണങ്ങളുടെ ഭാഗമാണ് പുതിയ സംഭവവികാസങ്ങളെന്ന് റായ്പുര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ പറഞ്ഞു. ക്രൈസ്തവരെ ആക്രമിക്കുന്ന തീവ്രഹിന്ദുത്വ സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.

Comments are closed.