Ultimate magazine theme for WordPress.

അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വരുന്ന മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടം തരംഗത്തിൻ്റെ ഭാഗമായി രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. മുൻപ് കണക്ക് കൂട്ടിയത് പോലെയാണ് നിലവിലെ കൊവിഡ് നിരക്ക്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. കൊവിഡ് മൂന്നാം തരംഗത്തിന് സൂചനയില്ലെന്നും മന്ത്രി പറഞ്ഞു.പരമാവധി കൊവിഡ് കേസുകൾ കണ്ടെത്താനാണ് സർക്കാർ ശ്രമം. ഡെൽറ്റ വകഭേദങ്ങളാണ് കൊവിഡ് കേസുകൾ വർധിക്കാൻ കാരണമാകുന്നത്. എന്നാൽ ഗുരുതര രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ടിപിആർ കുറച്ച് കൊണ്ടുവരാനുള്ള മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ടിപിആർ കുറയ്ക്കാനുള്ള നടപടികൾ തുടരും. കൊവിഡ് സ്ഥിരീകരിക്കാത്ത 50 ശതമാനത്തിലേറെപ്പേർ സംസ്ഥാനത്തുണ്ട്. രോഗവ്യാപന നിരക്ക് ദേശീയ തലത്തിലേക്കാൾ കേരളത്തിൽ കുറവാണ്. കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് ലഭിച്ചാലേ പ്രതിരോധം ശക്തമാക്കാൻ കഴിയൂ. ഐസിഎംആറിന്റെ സിറോ സർവേയിൽ 42 ശതമാനം പേർക്കാണ് കേരളത്തിൽ ആന്റിബോഡിയുള്ളതെന്നും മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഒരു കൊവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണു പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കേരളത്തിൽ ഇന്ന് 22,064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,54,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,600 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,480 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2809 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave A Reply

Your email address will not be published.