കൊവിഡ് മരണ നിരക്ക് ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിൽ വൻ വർധനവ്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയി ഉയർന്നിരിക്കുകയാണ്. 9,79,608 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,19,13,292 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 61,899 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 9,43,34,262 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 780 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,67,642 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.
