ജീവകാരുണ്യ – മത സംഘടനകളുടെ വിവരങ്ങൾ ദർപ്പണിൽ രജിസ്റ്റർ ചെയ്യണം
ന്യൂഡൽഹി: ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും ഇടപാടുകാരയ ജീവകാരുണ്യ സംഘടനകളുടേയും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന മതസംഘടനകളുടെയും വിവരങ്ങൾ നിതി ആയോഗിന്റെ ദർപ്പൺ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ചട്ടം ഭേദഗതി ചെയ്തു. ഇതുവരെ ദർപ്പണിൽ രജിസ്റ്റർ ചെയ്യാത്ത സംഘടനകളുടെ വിവരങ്ങളാെണ് നൽകേണ്ടത്. ഇടപാട് അവസാനിപ്പിച്ചാലും അഞ്ച് വർഷത്തോളം ധനകാര്യ സ്ഥാപനങ്ങൾ ഇവരുടെ വിവരങ്ങൾ സൂക്ഷിക്കണം. 2005 ലെ കള്ളപ്പണം നിരോധന (മെയിന്റനസ് ഓഫ് റക്കോഡ്സ്) ചട്ടത്തിലാണ് ഭേദഗതി. ലാഭേച്ഛ ഇല്ലാത്ത സംഘടനകളുടെ നിർവചനത്തിൽ ആദായ നികുതി നിയമത്തിലെ 2(15) വകുപ്പ് അനുസരിച്ചുള്ള മത , ജീവകാരുണ്യ സംഘടനകളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഇതര സംഘടനകളുടെ (എൻജിഒ) വിവരങ്ങൾ രജിസ്റ്റർ ചെയ്യാനായി 2009 ൽ പ്ലാനിംഗ് കമ്മീഷൻ ആരംഭിച്ചതാണ് ദർപ്പൺ പോർട്ടൽ .
രജിസ്റ്റർ ചെയ്യുന്ന സംഘടനകൾക്ക് ദർപ്പൺ തിരിച്ചറിൽ നമ്പർ ലഭിക്കും. 2017 ൽ ഇതിലെ രജിസ്റ്റ്ട്രേഷൻ നിർബന്ധമാക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഈ നമ്പർ ഇല്ലാത്ത സംഘടനകൾ സർക്കാർ ഗ്രാന്റുകൾ നൽകരുതെന്ന് ചൂണ്ടിക്കാട്ടി 2021ൽ നിതി ആയോഗ് സംസ്ഥാനങ്ങൾക്കും മന്ത്രാലയങ്ങൾക്കും കത്തയച്ചിരുന്നു. എഫ്സിആർഎ നിയമപ്രകാരം വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ദർപ്പൺ നമ്പർ നിർബന്ധമാക്കിയെങ്കിലും 2019ൽ ഇത് നീക്കി. കേരളത്തിൽ നിന്ന് 4,488 സ്ഥാപനങ്ങൾ ദർപ്പണിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.