Ultimate magazine theme for WordPress.

ഹിന്ദുരാഷ്ട്രം നടപ്പാക്കാൻ ക്രിസ്തീയ സ്ഥാപനങ്ങങ്ങൾക്ക് കേന്ദ്രം കൂച്ചുവിലങ്ങിടുന്നു: കത്തോലിക്കാ സഭ

തൃശൂർ: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പൂർണ്ണമായി പിൻവലിക്കാതെ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ട കേന്ദ്രസർക്കാർ നടപടിക്കെതിരെ കത്തോലിക്കാ സഭാ പ്രസിദ്ധീകരണങ്ങൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യും ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരള സഭ’യുമാണ് തങ്ങളുടെ സെപ്റ്റംബർ ലക്കങ്ങളിലൂടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ബിൽ ജെ.പി.സിക്ക് വിട്ടത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള നീക്കം മാത്രമാണെന്ന് അവർ കുറ്റപ്പെടുത്തി.

​ന്യൂനപക്ഷ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പൂർണ്ണമായി നിയന്ത്രണത്തിലാക്കാനും അവരുടെ സ്വത്തുക്കൾ ഏകപക്ഷീയമായി പിടിച്ചെടുക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. കേന്ദ്രത്തിൽ ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ളതിനാൽ ജെ.പി.സിക്ക് ശേഷവും കോടതിക്ക് പോലും ഇടപെടാനാവാത്ത വിധം കഠിന വ്യവസ്ഥകൾ ഉൾപ്പെടുത്തി ബിൽ നിയമമാക്കുമോ എന്ന് സഭ ആശങ്ക പ്രകടിപ്പിക്കുന്നു. ക്രിസ്തീയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ഹിന്ദുരാഷ്ട്ര ആശയങ്ങൾ നടപ്പാക്കാനാണെന്നും സഭാ മുഖപത്രങ്ങൾ ആരോപിച്ചു.

​സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ആശ്വാസമേകുന്ന ചാരിറ്റി പ്രവർത്തനങ്ങളെ നിയമങ്ങളുടെ പേരിൽ തടസ്സപ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കുകയാണ് വേണ്ടത്.

Sharjah city AG

Comments are closed.