സേലം : തമിഴ്‌നാട്ടിൽ വർഷങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനത്തിന് വിരാമമിട്ടുകൊണ്ട് ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട വ്യക്തിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കടുത്ത എതിർപ്പുകളെ മറികടന്ന് പോലീസ് സംരക്ഷണയിലാണ് സംസ്കാരം നടത്തിയത്. ഈ സംഭവം സഭയ്ക്കുള്ളിലെ ജാതിവിവേചനങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷ നൽകുന്നതായി ദളിത് അവകാശ പ്രവർത്തകർ വ്യക്തമാക്കി.
തിരുച്ചിറപ്പള്ളി സ്വദേശിയും വിരമിച്ച അധ്യാപകനുമായ എ. രാജുവിന്റെ (83) ഭൗതികശരീരമാണ് പൊതുശ്മശാനത്തിൽ അടക്കം ചെയ്തത്. 2014-ൽ രാജുവും മറ്റ് ദളിത് ക്രിസ്ത്യാനികളും നൽകിയ ഹർജിയിൽ 2024-ൽ കോടതി അനുകൂല വിധി നൽകിയിരുന്നെങ്കിലും, മേൽജാതിക്കാരുടെ എതിർപ്പിനെ തുടർന്ന് മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിക്കേണ്ടി വന്നു.
പോലീസും സർക്കാർ ഉദ്യോഗസ്ഥരും സഭാ പ്രതിനിധികളും നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് തർക്കത്തിന് പരിഹാരമായത്. ഔദ്യോഗികമായി സഭ ജാതിവിവേചനത്തിന് എതിരാണെങ്കിലും ചിലയിടങ്ങളിൽ ആചാരങ്ങളുടെ പേരിൽ ഇത് തുടരുന്നത് നിർഭാഗ്യകരമാണെന്നും, സഭയ്ക്കുള്ളിൽ പൂർണ്ണ സമത്വം ഉറപ്പാക്കാൻ കൂടുതൽ നടപടികൾ വേണമെന്നും സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

Comments are closed.