ബഹറിൻ: 1986 ഏപ്രിൽ മാസത്തിൽ ചുരുക്കം ചില പ്രിയപ്പെട്ടവർകൂടി മനാമയിൽ ആരംഭിച്ച കൂട്ടായ്മ ഒക്ടോബർ 15 മുതൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് എന്ന പേരിൽ മുന്നേറുന്നു. സഭ നാല് പതിറ്റാണ്ടുകൾ പിന്നിടുന്നതിന്റെ ഭാഗമായി, ഒരു വർഷം നീണ്ടുനിന്ന പരിപാടികൾ 2025 ഒക്ടോബർ 16 നു മുൻ ശാരോൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ കെ. ശാമുവേൽ പ്രാർത്ഥിച്ചു സമർപ്പിച്ചു. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യ പ്രഭാഷണം നടത്തി.
വാർഷികാഘോഷ സമാപനങ്ങളുടെ ഭാഗമായി വിവിധ ആത്മീയ- ജീവകാരുണ്യ പരിപാടികളാണ് സഭാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. സി. ഇ. എം., സണ്ടേസ്കൂൾ, വനിതാ സമാജം എന്നിവയുടെ നേതൃത്വത്തിൽ ലവ് ഫീസ്റ്റ്, പിക്നിക്, സഭാംഗങ്ങൾ ഒരുമിച്ചുള്ള ‘വൺ ഇയർ’ മുഴുബൈബിൾ വായനാ പദ്ധതി, ബൈബിൾ പകർത്തിയെഴുത്ത് പദ്ധതി, പുതിയ നിയമ വാക്യമത്സരം, ആശുപത്രി-ക്യാമ്പ് സന്ദർശനം ഇവ നടത്തപ്പെട്ടു.
വാർഷികസമാപനത്തിന്റെ ഭാഗമായി ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സി. ഇ. എം. ന്റെ നേതൃത്വത്തിൽ പ്രത്യേക സമ്മേളനം നടക്കും. “വികാര പ്രതികരണലോകത്ത് വിവേകപൂർവം” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ കൗൺസിലർ പാസ്റ്റർ ഡോ. സജി കുമാർ കെ.പി. മുഖ്യപ്രഭാഷണം നടത്തും. വൈകാരിക പ്രതികരണാധിക്യമുള്ള ആധുനിക സാമൂഹിക സാഹചര്യങ്ങളിൽ ക്രൈസ്തവർ എങ്ങനെ വിവേകത്തോടെയും ആത്മനിയന്ത്രണത്തോടെയും പ്രതികരിക്കണമെന്നത് സമ്മേളനത്തിൽ ചർച്ച ചെയ്യും. സഭാപ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ടൈറ്റസ് ജോൺസൻ അധ്യക്ഷത വഹിക്കും.
സഭയുടെ സ്ഥാപക ദിനമായ ഒക്ടോബർ 15 വ്യാഴാഴ്ച 7.00 മണി മുതൽ സെഗയ ശാരോൻ ഹാളിൽ 40-ാം വാർഷിക സ്തോത്രശുശ്രൂഷ നടക്കും. സഭയുടെ സ്ഥാപകാഗവും മുൻ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ പി.സി. ചാണ്ടി (യു. എസ്. എ.) മുഖ്യപ്രഭാഷണം നടത്തും. സഭാ സീനിയർ പാസ്റ്റർ പി. സി. വർഗീസ്, മുൻകാല ശുശ്രൂഷകർ, വിവിധ സഭാ-സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിക്കും. കൂടാതെ ഒക്ടോബർ 16 ന് ക്യാമ്പിലെ സഹോദരങ്ങൾക്കായി പ്രത്യേക ആത്മീയ ബോധവത്കരണ സന്ദേശ പരിപാടിയും ക്രമീകരിച്ചിട്ടുണ്ട്.
വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായി നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 4.30ന് ‘യെരീഹോ പ്രയർ ഡ്രൈവ്’ എന്ന പേരിൽ വിവിധ മേഖലകളിലൂടെ പ്രാർത്ഥനായാത്ര നടത്തും. നവംബർ 27 വെള്ളിയാഴ്ച ഫദക് ഗാർഡനിൽ മുഴുദിന കൂട്ടായ്മയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. അന്നേദിവസം സഭാംഗങ്ങൾക്കും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ മാസത്തിൽ നടത്തപ്പെടുന്ന രക്തദാന ക്യാമ്പോടുകൂടി ഒരു വർഷമായി നടന്നുവരുന്ന 40-ാം വാർഷിക ശുശ്രൂഷകൾക്ക് സമാപ്തിയാകും.

Comments are closed.