Ultimate magazine theme for WordPress.

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം; ജോസ് കെ മാണി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ മാണി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ ആക്രമണം നടന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ക്രിസ്മസ് ആഘോഷ വേളയില്‍ പോലും അതിക്രമങ്ങളുണ്ടായി. ചര്‍ച്ചില്‍ കയറിയും ആക്രമണം നടന്നു. ഇത്തരം സംഭവങ്ങളില്‍ അക്രമികള്‍ പിടിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, ഇരകളായവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങളാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെടുന്നു. അസമില്‍ സില്‍ചാര്‍, ഹരിയാനയിലെ ഗുരുഗ്രാം, കര്‍ണാടകയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തില്‍ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണം. സുരക്ഷിതമായ സാഹചര്യം ന്യൂനപക്ഷങ്ങള്‍ക്ക് ഒരുക്കണം. ആരാധന നിര്‍വഹിക്കാനും ഭയമില്ലാതെ ജീവിക്കാനുള്ള അവസ്ഥയുണ്ടാകണമെന്നും മോദിക്കയച്ച കത്തില്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് ജോസ് കെ മാണി എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ. രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രൈസ്ത സമൂഹത്തിനു നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവ ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. വിശുദ്ധ ദിനമായ യേശുക്രിസ്തുവിന്റെ തിരുപിറവിദിന രാത്രിയില്‍ ഹരിയാനയിലെ അംബാലയി്‌ലെ കന്റോന്‍മെന്റ് ഏരിയയിലെ Redeemer Church ല്‍ നടന്ന അക്രമത്തില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു.
ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഗായകസംഘത്തെ തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യയിലും അസമിലെ സില്‍ചാറിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ബെലഗാവിയില്‍ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാള്‍ പിന്തുടരുന്ന സംഭവവും ഉണ്ടായി.
ഇത്തരത്തിലുളള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും വീണ്ടും ആക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നത്.
പലപ്പോഴും ആക്രമണത്തിനിരയായ വിഭാഗത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് അധികാരികളില്‍ നിന്നും ഉണ്ടാകുന്നതാണ് മുന്‍ അനുഭവങ്ങള്‍.
രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കണം.
ഈ വിഷയങ്ങൾ എല്ലാം ചുണ്ടിക്കാട്ടി അടിയന്തിര ഇടപെടീൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

Leave A Reply

Your email address will not be published.