Ultimate magazine theme for WordPress.

അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി അമേരിക്ക; ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍

കാബൂള്‍: 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന്‍ വിട്ടു. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂള്‍ വിട്ടതോടെ അമേരിക്കന്‍ സേനയുടെ പിന്മാറ്റം പൂര്‍ണ്ണമായി. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണും നാട്ടിലേക്ക് മടങ്ങി.

അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ആഗസ്റ്റ് 31 ആയിരുന്നു താലിബാന്‍ നല്‍കിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ ഐ.എസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ 2500-ഓളം വരുന്ന അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യു.എസ് വ്യോമസേനയുടെ സി-17 വിമാനം അവസാന സൈനികനെയും വഹിച്ച് മടങ്ങിയെന്ന പ്രഖ്യാപനം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കിന്‍സിയാണ് നടത്തിയത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അകാശത്തേക്ക് വെടിയുതിര്‍ത്താണ് താലിബാന്‍ ആഘോഷമാക്കിയത്.

അമേരിക്ക കാബൂള്‍ വിട്ടുമടങ്ങിയതോടെ കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ താലിബാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുല്ല മുജാഹിദും പട്ടാളവും വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്. ഇവിടെ വെച്ച് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ താലിബാന്‍ നടത്തുമെന്ന സൂചനയുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 1,23,000 പേരെ രക്ഷപ്പെടുത്താനായെന്ന് അമേരിക്ക പറഞ്ഞു. ജൂലൈയിലാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 4,400 അമേരിക്കന്‍ പൗരന്മാരടക്കമാണ് 1,23,000 പേരെ രക്ഷപ്പെടുത്താനായതെന്ന് അമേരിക്ക വ്യക്തമാക്കി.

Sharjah city AG