ഒരിക്കൽ അമേരിക്കയും…!
ബ്ലസിൻ ജോൺ മലയിൽ
കാണുന്ന രാഷ്ട്രങ്ങളുടെ പ്രശ്നങ്ങളിലെല്ലാം ഇടപെടുന്ന അമേരിക്ക ആധുനിക യുഗത്തിലെ
ലോകപ്പോലിസാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് അതായിരുന്നില്ല സ്ഥിതി! നിരുപാദികം ബ്രിട്ടീഷുകാർ തേർവാഴ്ച നടത്തിയിരുന്ന ചില കോളണികൾ മാത്രമായിരുന്നു അത്!
ഒടുവിൽ മറ്റു രാജ്യങ്ങളിൽ ബ്രിട്ടിഷുകാർ നടത്തിയിരുന്ന യുദ്ധങ്ങളുടെ ചെലവിനെന്ന പേരിൽ അമേരിക്കയിൽ നിന്നും നികുതിയും ഈടാക്കാൻ തുടങ്ങി. ബ്രിട്ടീഷ് പാർലമെന്റിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ കൃത്യമായ പ്രാതിനിധ്യമില്ലാത്തതിനാൽ നികുതി നൽകാനാകില്ലെന്ന് ജനവും പ്രതികരിച്ചു.
ജോർജ് വാഷിംഗ്ടൺ, സാമുവൽ ആഡംസ് ജോൺ ജേയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിപ്ളവം നാട്ടിൽ ശക്തമായി.
അന്തിമ വിജയം നേടി 1776 ജൂലൈ നാലിന് അമേരിക്ക സ്വാതന്ത്രമായി. തോമസ് ജഫെഴ്സൺ എഴുതി തയ്യാറാക്കിയ സ്വാതന്ത്ര്യപ്രഖ്യാപനം
വിർജിനിയ,ന്യൂയോർക്ക്,മസാച്ചുസെറ്റ്സ്,
നോർത്ത് കരോലിന,
കണക്റ്റിക്കട്ട്,സൗത്ത് കരോലിന,ഡിലാവർ,
പെനിസൽവാനിയ,മേരിലാൻഡ്,റോഡ്ഐലൻഡ്,ന്യൂഹാംഷയർ,ജോർജിയ,ന്യൂജേഴ്സി എന്നിങ്ങനെ പതിമൂന്ന് കോളണികളുടെയും പ്രതിനിധികൾ ചേർന്ന് ഹർഷാരവത്തോടെ സ്വീകരിച്ചു. ഇനി തങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭാഗമല്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. അമേരിക്കൻ ഐക്യനാടുകൾ യാഥാർത്ഥ്യമായി.
തുടക്കം കോളണികളുടെ കൂട്ടായ്മ ആയിരുന്നെങ്കിലും 1789-ൽ അമേരിക്കക്ക് ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവന്നു. ഇപ്പോൾ അമേരിക്കയിൽ ജൂലൈ നാല് ഫെഡറൽ അവധി ദിനമാണ്. പരേഡുകളും വെടിക്കെട്ടുകളും സംഗീതക്കച്ചേരികളുകൊണ്ട് നാട് സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.
ലോകാദ്ഭുതങ്ങളിൽ ഒന്നായ സ്റ്റാച്യൂ ഓഫ് ലിബർട്ടിയിലും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിനം – 1776 ജൂലൈ നാല് -എന്ന് കൊത്തിവെച്ചിരിക്കുന്നു.
