മണിപ്പൂർ: മണിപ്പൂരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. കാണാതായിരുന്ന കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കാങ്പോക്പി ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രാദേശിക സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടർച്ചയായ രണ്ടാം ദിവസവും തുടരുകയാണ്. ഇതോടെ പ്രദേശത്തെ ജനജീവിതം പൂർണമായും സ്തംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ അയൽജില്ലയായ സേനാപതിയിലെ മലമ്പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിൽ നടപടികൾക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. മൃതദേഹങ്ങൾ കാങ്പോക്പി ജില്ലാ ആശുപത്രിയിൽ എത്തിച്ചതോടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി.
യുവാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച പ്രാദേശിക സംഘടനകൾ, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഹർത്താൽ നീട്ടുകയായിരുന്നു. കടകമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്. റോഡ് ഗതാഗതം നിലച്ചതോടെ ദേശീയപാതകളിലും വാഹനങ്ങൾ ഇല്ലാത്ത അവസ്ഥയാണ്.
അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങി ധർണ നടത്തി. ഇതിനിടെ പൊലീസിനും സുരക്ഷാസേനയ്ക്കും നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാസേന കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു പ്രതിഷേധക്കാരന് തലയ്ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അന്വേഷണം നടത്തണമെന്നും കൊലപാതകത്തിൽ പങ്കുള്ളവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പ്രാദേശിക ഗോത്രസംഘടനകൾ ആവശ്യപ്പെട്ടു.
സംഭവത്തെ അപലപിച്ച മണിപ്പൂർ ഉപമുഖ്യമന്ത്രി നെംച കിപ്ഗെൻ, ഇതൊരു ഹീനമായ പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ചു. ജനങ്ങൾ സമാധാനവും സംയമനവും പാലിക്കണമെന്നും അവർ അഭ്യർഥിച്ചു.
2023 മുതൽ മണിപ്പൂരിൽ കുക്കി, മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം തുടരുകയാണ്. ഇതുവരെ 250-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പുതിയ സംഭവവികാസങ്ങൾ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വീണ്ടും വെല്ലുവിളിയായിരിക്കുകയാണ്.
വാർത്ത: പാ. ഫ്രെഡി കൂർഗ്

Comments are closed.