Ultimate magazine theme for WordPress.

“ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ, കൊന്നിട്ട് നരകത്തിൽ തള്ളിക്കളയാൻ അധികാരമുള്ള ദൈവത്തെമാത്രം ഭയപ്പെടുക” (ലൂക്കൊസ് 12 : 4)

റവ. ജോർജ് മാത്യു പുതുപ്പള്ളി
(ഡാളസ്, യുഎസ്എ)

മാനുഷഭയം ഒരു കെണിയാണെന്ന് വിശുദ്ധ ബൈബിൾ
അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.
വിവിധ ഭയങ്ങളാൽ
ജീവിതത്തെ ദുരിതമയമാക്കുന്ന അനേകരുണ്ട്.
ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെയോർത്ത് അവർ
വെറുതെ മുൻകൂറായി ആകുലപ്പെടുന്നു.
അവർ ഭയപ്പെടുന്ന
കാര്യങ്ങൾ പലപ്പോഴും സംഭവിക്കുകയില്ല എന്ന കാര്യം അവർ വിസ്മരിക്കുന്നു. സംഭവിക്കുമെന്നു പറഞ്ഞ്
പിശാച് അവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.

ഒരു മനുഷ്യനും പൂർണ്ണമായും ഭയത്തിൽ നിന്നു മോചിതരല്ല.
ഏതെങ്കിലും തരത്തിലുള്ള ഭയം എല്ലാവരെയും അലട്ടിക്കൊണ്ടിരിക്കും.
ലോകത്തെ കിടുകിടെ
വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ടിനു പാറ്റകളെ ഭയമായിരുന്നു.
അറുപതു ലക്ഷം ജൂതരെ
ഗ്യാസ് ചെയ്മ്പറിൽ
ശ്വാസം മുട്ടിച്ചുകൊന്ന അഡോൾഫ് ഹിറ്റ്ലർ പൂച്ചകളെ കണ്ടാൽ അലറിയോടുമായിരുന്നു.
മുസ്സോളിനി ചിലന്തികളെ ഭയപ്പെട്ടിരുന്നു.
അങ്ങനെ പല മഹാന്മാരും.

ആത്മീയ മേഖലയിൽ പലരും ഭയപ്പെടുന്നത് മറ്റു പല കാര്യങ്ങളെക്കുറിച്ചുമോർത്താണ്.
മക്കളെ സ്കൂളിൽ
അയച്ചാൽ അവർ വണ്ടിയിടിച്ചു മരിക്കുമോ എന്നോർത്ത് ഭയപ്പെടുന്ന വീട്ടമ്മമാരുണ്ട്.
മക്കൾ തിരിച്ചുവരുന്നതുവരെ ഒരു അഗ്നിപർവതം
അവരുടെ ഹൃദയത്തിൽ പുകഞ്ഞു നീറിക്കൊണ്ടിരിക്കും.
ജോലിക്കു പോയ ഭർത്താവിന് ഓഫീസിൽ വച്ച്
ഹൃദ്രോഗം വന്നു മരിച്ചാൽ എന്റെയും മക്കളുടെയും ഭാവിയെന്താകുമെന്നോർത്ത് വിഷമിക്കുന്ന ഭാര്യമാരുണ്ട്.
ഭർത്താവ് വീട്ടിൽ തിരിച്ചെത്തുംവരെ അവർ ആ അസ്വസ്ഥതകൾ ചുമന്നുകൊണ്ടു നടക്കും.

ആവശ്യമില്ലാത്ത കാര്യങ്ങളെയോർത്തു ഭാരപ്പെടുന്ന ഒരു സ്ത്രീയോടു
ഡോക്ടർ ചോദിച്ചു :
‘എന്തിനാണ് നിങ്ങൾ ഒരിക്കലും സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യങ്ങളെയോർത്ത് ഉത്കണ്ഠാകുലയാകുന്നത് ?’
അവർ ദേഷ്യത്തോടെ ഡോക്ടറോടു കയർത്തു :
‘എന്റെ കാര്യത്തെക്കുറിച്ചോർത്ത് ഞാൻ ഭാരപ്പെടാതെ, പിന്നെ
ഡോക്ടറുടെ ഭാര്യ ഭാരപ്പെടുമോ ?’
അവരുടെ ആകുലചിന്ത ഒടുവിൽ അവരെ ഒരു മാനസിക രോഗാശുപത്രിയിൽ എത്തിച്ചു.

എല്ലാത്തരം ഭയങ്ങളിൽനിന്നും
മനുഷ്യനു പൂർണ്ണമോചനം നൽകാൻ യേശുവിനു കഴിയും.
യേശുവിനേ കഴിയുകയുള്ളൂ.
യേശുകർത്താവ് പറഞ്ഞു :
‘ഭയപ്പെടേണ്ട.’
വിശുദ്ധ ബൈബിളിൽ 365 പ്രാവശ്യം ‘ഭയപ്പെടേണ്ട’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഓരോ മനുഷ്യനും ഓരോ ദിവസത്തേക്കുമുള്ള ദൈവിക വാഗ്ദത്തമാണത്.

‘ആകുലപ്പെടരുത്’ എന്നു യേശു കല്പിച്ചു.
യേശു അറിയാതെയും അനുവദിക്കാതെയും
നമ്മുടെ തലയിൽ നിന്നും ഒരു തലമുടി നാര് പോലും കൊഴിയുന്നില്ല. വിതയ്ക്കുകയോ കൊയ്യുകയോ
കൂട്ടി വയ്ക്കുകയോ ചെയ്യാത്ത ആകാശത്തിലെ പറവജാതികളെ ക്ഷേമമായി പുലർത്തുന്ന
ദൈവം തന്റെ രൂപത്തിലും സാദൃശത്തിലും സൃഷ്ടിച്ച നമ്മെ പുലർത്താതിരിക്കുമോ ?
(മത്തായി 6 : 25…34).

എല്ലാത്തരം ഭയങ്ങളും നമ്മുടെ തലച്ചോറിൽ കുത്തിവയ്ക്കുന്നത് ദുഷ്ടപിശാചാണ്.
‘ഭയം പിശാചിൽ നിന്നു വരുന്നു’ എന്ന് യോഹന്നാൻ രേഖപ്പെടുത്തുന്നു.
‘ഭയപ്പെടുന്നവൻ ദൈവത്തിൽ നിന്നുള്ളവനല്ല’ എന്നു കൂടി അദ്ദേഹം പ്രസ്താവിക്കുന്നു.
ദൈവമക്കൾ ദൈവത്തെയല്ലാതെ ആരെയും, ഒന്നിനെയും,
ഭയപ്പെടാൻ പാടില്ല.
ഞാനും ഭയത്തിൽ നിന്നും
പൂർണ്ണമോചിതനല്ല.
എന്നാൽ എന്നെ തളർത്താൻ വരുന്ന ഭയത്തെ ഞാൻ
തോല്പിക്കുന്നത് യേശുകർത്താവിന്റെ വചനങ്ങൾ ഉച്ചരിച്ചു കൊണ്ടാണ്.

യേശു അരുളിച്ചെയ്തു :
‘ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട, ദേഹത്തെയും ദേഹിയെയും ആത്മാവിനെയും നരകത്തിൽ തള്ളിക്കളയാൻ കഴിവുള്ള ദൈവത്തെ ഭയപ്പെടുവിൻ.’
(ലൂക്കൊസ് 12 : 4, 5).
നമ്മുടെ സകല ഭയത്തെയും പൂർണ്ണമായി ഉമിണ്ണുകളയാൻ ശക്തിയില്ലേ മഹാദൈവമായ യേശുകർത്താവിന്റെ ഈ വാക്കുകൾക്ക് ?
ഭയം സ്വസ്ഥത തകർക്കാനെത്തുമ്പോൾ യേശുവിന്റെ ഈ
വാക്കുകൾ ഉച്ചരിച്ച് ഭയത്തെ ആട്ടിയോടിക്കുക.

കൂടിവന്നാൽ ഒരുവന് നമ്മെ
കൊല്ലാൻ കഴിയും.
അതിനപ്പുറം അവനു നമ്മെ എന്തു ചെയ്യാൻ കഴിയും ?
നമ്മെ കൊന്നാൽ നാം നമ്മുടെ നിത്യഭവനത്തിലേക്ക്
അല്പം നേരത്തെ കടന്നുപോകും. അല്ലെങ്കിൽ ഭൂമിയിലെ രോഗദുരിതദുഃഖങ്ങളെല്ലാം
അനുഭവിച്ച് അല്പം താമസിച്ചു കടന്നുപോകും.
കടന്നുപോകും എന്നത് സംശയമില്ലാത്ത കാര്യമാണ്.
അത് അല്പം നേരത്തെയായാൽ അതല്ലേ കൂടുതൽ നല്ലത് ?
ഇപ്രകാരം ചിന്തിക്കുന്ന ഒരു ദൈവപൈതലിനെ ആകുലചിന്തയുടെ അഗ്നിനരകത്തിലിട്ടു പുഴുങ്ങിയെടുക്കാൻ ഭയത്തിന്റെ ആസൂത്രകനായ പിശാചിനു കഴിയുകയില്ല.

‘ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രെ’ എന്ന് വിശുദ്ധ ബൈബിൾ രേഖപ്പെടുത്തുന്നു.
ഇന്നു കാണുന്നതും നാളെ മാഞ്ഞുപോകുന്നതുമായ വെറും ആവി മാത്രമാണ് മനുഷ്യജീവൻ.
ഒരു കാലത്ത് അധികാരത്തിന്റെ ഉത്തുംഗശ്രുംഖത്തിൽ
വിരാജിച്ചിരുന്ന പലരും പരസഹായം കൂടാതെ ഒന്നനങ്ങാൻ
പോലുമാകാതെ മലമൂത്രവിസർജ്ജനം കിടക്കയിൽ നിർവഹിച്ചു
കിടക്കുന്ന കാഴ്ച
എത്രയോ പ്രാവശ്യം എന്റെ കണ്ണുകൾകൊണ്ട് ഞാൻ കണ്ടിട്ടുണ്ട്.’

‘ഒരു കാലത്ത് ആത്മീയമേഖലയെ പ്രകമ്പനം കൊള്ളിച്ച
എത്രയോ സുവിശേഷവീരന്മാർ,
ശാരീരികശക്തി ക്ഷയിച്ച്, നിത്യതയെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട്
ഭവനങ്ങളിൽ വിശ്രമിക്കുന്നതു കാണുവാനും
എനിക്ക് ഇടയായിട്ടുണ്ട്.
സിംഹഗർജ്ജനത്തോടെ സുവിശേഷവേദികളെ ഇളക്കിമറിക്കുകയും ദൈവജനത്തെ
ആത്മീയനിർവൃതിയിൽ ആറാടിക്കുകയും ചെയ്ത എത്രയോ ശ്രേഷ്ഠ അപ്പൊസ്തലന്മാർ
നനഞ്ഞ പൂച്ചക്കുട്ടികളെപ്പോലെ
കിടക്കയിൽ കിടക്കുന്ന
കാഴ്ച എത്രയോ വട്ടം
എന്റെ കൺപീലികളെ നനയിച്ചിട്ടുണ്ട്.

മരണക്കിടക്കയിൽ
‘എനിക്ക് ആരെയും കാണേണ്ട’
എന്നു പറഞ്ഞ്
അസ്വസ്ഥതയോടെ പ്രതികരിച്ച
ഒരു ക്രൈസ്തവ വിശ്വാസിയുടെ
മുഖം എത്ര ശ്രമിച്ചിട്ടും
എന്റെ മനക്കോണിൽനിന്നു മായുന്നില്ല.
‘എനിക്കു മരിക്കാൻ ഭയമാണേ’
എന്നു നിലവിളിച്ചു
ജീവൻ വെടിഞ്ഞ വൃദ്ധയായ ഒരു ഇടവകാംഗത്തിന്റെ അന്ത്യനിമിഷങ്ങൾക്കും വൈദികനായിരുന്ന വേളയിൽ ഞാൻ ദൃക്സാക്ഷിയാണ്.

ഇത് ഒരുപക്ഷെ നാളെ എന്റെയും നിങ്ങളുടെയും അനുഭവമാകാം.
നമ്മുടെ മരണം എങ്ങനെയായിരിക്കുമെന്ന് നാം അറിയുന്നില്ല.
ഭാഗ്യമരണം ലഭിക്കുന്നത് ഒരു സുകൃതം തന്നെയാണ്.
ഭാഗ്യമരണം നൽകി കർത്താവ് ഏവരെയും അനുഗ്രഹിക്കട്ടെ.
ആകയാൽ ആകുലപ്പെട്ടും
ഭയപ്പെട്ടും മരണഭയത്തിനു
കീഴടങ്ങിയും നമ്മുടെ മന:സമാധാനം നഷ്ടമാക്കാതിരിക്കാം.
യേശുകർത്താവ് പുനരുത്ഥാനത്തിലൂടെ നമുക്കു നൽകിയ ധൈര്യവും പ്രത്യാശയും ഏറ്റെടുത്ത്
പരിശുദ്ധാത്മ സഹായത്തോടെ മരണഭയത്തിൽനിന്നും നമുക്കു മോചിതരാകാം.

മരണഭയത്തെ പൂർണ്ണമായും വെടിഞ്ഞ് പ്രത്യാശയോടെ
നിത്യതയിലേക്കു പോയിട്ടുള്ള വിശ്വാസവീരന്മാരുടെ ചരിത്രം നമ്മെ ആവേശം കൊള്ളിക്കട്ടെ.
‘യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ, യേശുവിനായി
ജീവിക്കുന്നതെത്ര ഭാഗ്യമേ’ എന്ന പാട്ടും പാടി യേശുവിന്റെ
പക്കലേക്കു പറന്നു പോയ വാര്യാപുരം യോനാച്ചായന്റെ
പ്രത്യാശ നിറഞ്ഞ മുഖം എന്റെ ഓർമയിലെത്തുന്നു.
വിശുദ്ധനായിരുന്ന ആ
ശ്രേഷ്ഠ പിതാവിന്റെ ജീവിതം
നമ്മിലും പ്രത്യാശ വർദ്ധിപ്പിക്കട്ടെ.
ഇതുപോലെ എത്രയോ വിശുദ്ധന്മാരും വിശുദ്ധമതികളും.

ലേഖനത്തിനു തിരശീല വീഴ്‌ത്തട്ടെ
ഒരു തരത്തിലുള്ള ഭയവും ആകുലചിന്തയും നമ്മെ
വേട്ടയാടാൻ സമ്മതിക്കരുത്.
നാം ഈ ഭൂമിയിൽ
പരദേശികളാണെന്ന ചിന്ത നമ്മെ ഭരിക്കട്ടെ.
ഡോ. ബില്ലി ഗ്രഹാമിന്റെ വാക്കുകൾ നമ്മെ ആവേശം കൊള്ളിക്കട്ടെ :
‘My home is in heaven.
Here I am only a tourist.’
(എന്റെ ഭവനം സ്വർഗത്തിലാണ്.
ഇവിടെ ഞാൻ ഒരു സഞ്ചാരി മാത്രമാണ്)
അറുപതോ എഴുപതോ
എൺപതോ വർഷത്തെ ഈ ഭൂമിയിലെ പ്രവാസജീവിതം കഴിഞ്ഞ്
നമ്മുടെ നിത്യഭവനത്തിലേക്ക് പറന്നു പോകാനുള്ളവരാണ് നാം ?
ദൈവം ഓരോരുത്തരെയും
ഏല്പിച്ച ദൗത്യം വിശ്വസ്തമായി പൂർത്തിയാക്കി കാന്തന്റെ
വരവിനായി ആവലോടെ നമുക്കും കാത്തിരിക്കാം
❤️ (ഫോൺ : 248 – 558 – 0557) ❤️

Sharjah city AG

Comments are closed.