പെന്തെക്കോസ്ത് സെമിത്തേരി സംരക്ഷിക്കണം; അനധികൃത മണ്ണെടുപ്പിനെതിരെ ശവപ്പെട്ടി സ്ഥാപിച്ച് നിരാഹാര സത്യാഗ്രഹം
ശൂരനാട്: കുന്നത്തൂർ താലൂക്കിലെ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോയിക്കൽ ചന്തയ്ക്ക് സമീപം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പെന്തെക്കോസ്ത് സെമിത്തേരി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ (UPC) നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ശവപ്പെട്ടി സ്ഥാപിച്ചുകൊണ്ടാണ് പ്രതിഷേധ സമരം ആരംഭിച്ചത്.
1960 മുതൽ പെന്തെക്കോസ്ത് വിശ്വാസികൾ സെമിത്തേരിയായി ഉപയോഗിച്ചുവരുന്ന സ്ഥലമാണിത്. ഏകദേശം 100 കുടുംബങ്ങളുടെ ആശ്രയമായ സെമിത്തേരി ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാഹചര്യത്തിൽ വിശ്വാസികളും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്. സെമിത്തേരി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ മരണപ്പെടുന്ന കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മറ്റൊരു സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും UPC ചൂണ്ടിക്കാട്ടി.
സെമിത്തേരിയോട് ചേർന്നുള്ള ഏകദേശം 58 സെന്റ് സ്ഥലത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കം ചെയ്തതായും ഏകദേശം 18 അടി വരെ ആഴത്തിൽ മണ്ണെടുത്തതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്കും ജിയോളജി വകുപ്പിനും പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്.
വൻതോതിലുള്ള മണ്ണെടുപ്പിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും UPC ആവശ്യപ്പെട്ടു. ആഴത്തിൽ മണ്ണെടുത്തതിനെ തുടർന്ന് സമീപത്തെ വീടുകളും പുരയിടങ്ങളും അപകടസാധ്യത നേരിടുന്നുണ്ടെന്നും മഴക്കാലത്ത് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
അനധികൃതമായി മണ്ണെടുപ്പ് നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ നീക്കം ചെയ്ത മണ്ണ് തിരിച്ചിട്ട് സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും സമീപത്തെ വീടുകളുടെയും പുരയിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും മതപരമായോ സാമൂഹികമായോ യാതൊരു വിവേചനവുമില്ലാതെ പരാതികളിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും UPC ആവശ്യപ്പെട്ടു. കേരളത്തിലെ പെന്തെക്കോസ്ത് സമൂഹത്തെ മാത്രം ലക്ഷ്യമിട്ട് വിവേചനപരമായ നടപടികൾ ഉണ്ടാകുന്നുവെന്ന പരാതികളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
സെമിത്തേരി സംരക്ഷണം, വിശ്വാസികളുടെ അവകാശ സംരക്ഷണം, അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച അന്വേഷണം എന്നിവയിൽ വ്യക്തമായ നടപടി ഉണ്ടാകുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് UPCയുടെ തീരുമാനം. ആദ്യഘട്ടമായി ശവപ്പെട്ടി സ്ഥാപിച്ച് നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്.
നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും യുണൈറ്റഡ് പെന്തെക്കോസ്തൽ കൗൺസിൽ ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെന്തെക്കോസ്ത് വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യവും സംസ്കാരാവകാശങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും UPC ഭാരവാഹികൾ വ്യക്തമാക്കി. സർക്കാർ, റവന്യൂ, ജിയോളജി, പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് വിഷയത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളണമെന്നും

Comments are closed.