കാട്ടാക്കട: ഇന്റർനാഷണൽ സിയോൺ അസംബ്ലി ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കാട്ടാക്കട ചാരുപാറ പ്രയർ ടവറിൽ നടന്നുവരുന്ന തുടർ പ്രാർത്ഥനാ കൂട്ടായ്മകൾ സമാനതകളില്ലാത്ത 1500 ദിവസങ്ങൾ പൂർത്തിയാക്കുന്നു. 2026 ജൂലൈ 5 ഞായറാഴ്ചയാണ് പ്രാർത്ഥനാ യജ്ഞം 1500-ാം ദിവസത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 6:00 മണി മുതൽ രാത്രി 9:00 മണി വരെ പ്രയർ ടവറിൽ വെച്ച് വിപുലമായ പ്രത്യേക പ്രാർത്ഥനാ സംഗമം ക്രമീകരിച്ചിരിക്കുന്നു.
ദിവസേന അതിരാവിലെ ആരംഭിച്ച് മൂന്ന് ഘട്ടങ്ങളായാണ് ഇവിടെ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ഒട്ടനവധി ദൈവപ്രവർത്തികൾക്കും, അത്ഭുത രോഗശാന്തികൾക്കും, പരിശുദ്ധാത്മാവിന്റെ വലിയ പകർച്ചയ്ക്കും, നിരവധി സാക്ഷ്യങ്ങൾക്കും പ്രയർ ടവറിലെ പ്രാർത്ഥന ഇതിനോടകം സാക്ഷ്യം വഹിച്ചുകഴിഞ്ഞു.
മുഖ്യമായും ഉത്തരേന്ത്യൻ സുവിശേഷ പ്രവർത്തനങ്ങളുടെ വിജയം, ലോകസമാധാനം, രോഗങ്ങളാൽ ഭാരപ്പെടുന്നവർ, ലഹരി ഉൾപ്പെടെയുള്ള അഡിക്ഷനുകളിൽ നിന്നും യുവതലമുറയുടെ മോചനം, മാനസിക സംഘർഷം അനുഭവിക്കുന്നവരുടെ വിടുതൽ, പ്രാദേശിക സഭാ പ്രവർത്തനങ്ങളുടെ വളർച്ച, വ്യക്തികളും കുടുംബങ്ങളും സഭകളും അറിയിക്കുന്ന പ്രാർത്ഥനാ വിഷയങ്ങൾ, 1925 മുതൽ ഭാരത സുവിശേഷീകരണത്തിലും സാമൂഹിക പ്രവർത്തനരംഗത്തും ശക്തമായി നിലകൊള്ളുന്ന ഇന്റർനാഷണൽ സിയോൺ അസംബ്ലിയുടെ പ്രവർത്തനങ്ങളുടെ വിജയം തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തിയാണ് ഇവിടെ നിരന്തരമായി പ്രാർത്ഥന നടക്കുന്നത്.
വിവിധ പ്രാദേശിക സഭകളിൽ നിന്നുള്ള വിശ്വാസികൾ, പ്രമുഖ സഭാ നേതാക്കന്മാർ, ഇന്റർനാഷണൽ സിയോൺ അസംബ്ലിയുടെ ഭരണസമിതി അംഗങ്ങൾ, വിവിധ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാർ തുടങ്ങിയവർ സംയുക്തമായി പങ്കെടുക്കുന്ന പ്രാർത്ഥനാ സംഗമത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതായി ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഈ മധ്യസ്ഥപ്രാർത്ഥനാ കൂട്ടായ്മ 1500 ദിവസം പിന്നിട്ട് തലമുറ തലമുറയായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നതായും, പുതുചരിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് ദൈവസഭകളുടെ വളർച്ചയ്ക്കും സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരുടെയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് പ്രാർത്ഥന തുടരുമെന്നും ഇന്റർനാഷണൽ സിയോൺ അസംബ്ലി ഭരണസമിതി അറിയിച്ചു.

Comments are closed.