വാഷിംഗ്‌ടൺ : ആത്മീയ കാര്യങ്ങളിലും ബൈബിൾ പഠനത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനോട് ഭൂരിഭാഗം അമേരിക്കക്കാർക്കും വിയോജിപ്പും സംശയവുമെന്ന് പുതിയ പഠനം. ദൈവവചന പ്രഘോഷണങ്ങൾ തയ്യാറാക്കാൻ പാസ്റ്റർമാർ എഐ സഹായം തേടുന്നതിനോട് പൊതുജനങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കൻ ബൈബിൾ സൊസൈറ്റി പുറത്തുവിട്ട ‘സ്റ്റേറ്റ് ഓഫ് ദി ബൈബിൾ: യുഎസ്എ 2026’ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ജനുവരിയിൽ 2,649 യുഎസ് പൗരന്മാർക്കിടയിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സാങ്കേതികവിദ്യയോടുള്ള താല്പര്യം നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, ആത്മീയ ജീവിതത്തിലേക്ക് എഐ കടന്നുവരുന്നതിനെ ഭൂരിഭാഗം ആളുകളും ജാഗ്രതയോടെയാണ് കാണുന്നത്.
എഐ-യുടെ ഭാവി ഗുണങ്ങളെക്കുറിച്ച് ശുഭപ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന്, മുൻ വർഷങ്ങളിലെപ്പോലെ തന്നെ കേവലം 9 ശതമാനം ആളുകൾ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. പാസ്റ്റർമാർ പ്രസംഗങ്ങൾ തയ്യാറാക്കാൻ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് 40 ശതമാനത്തോളം ആളുകൾക്ക് ഇപ്പോഴും വ്യക്തമായ ഒരു നിലപാടില്ല. സാങ്കേതികവിദ്യയുടെ വളർച്ച ബൈബിളിനെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ ഭൂരിഭാഗം അമേരിക്കക്കാരും കടുത്ത സംശയം രേഖപ്പെടുത്തുന്നു.

Comments are closed.