ഒമാൻ : ഒമാൻ തീരത്ത് സൊഹാറിന് വടക്കുകിഴക്കായി യുഎസ് മിസൈൽ ആക്രമണത്തിന് ഇരയായ ‘സെറ്റെബെല്ലോ’ എന്ന എണ്ണ ടാങ്കറിലെ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും മരിച്ചതായി സ്ഥിരീകരിച്ചു. തിരച്ചിലിനൊടുവിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഔദ്യോഗികമായി അറിയിച്ചു.
ഇറാനു മേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ലംഘിച്ച് ഇന്ധനം കടത്താൻ ശ്രമിച്ചതിനാണ് തങ്ങൾ പലാവു പതാകയുള്ള ഈ കപ്പലിന്റെ എൻജിൻ റൂമിലേക്ക് യുഎസ് വിമാനത്തിൽ നിന്നും ഗൈഡഡ് മിസൈലുകൾ വർഷിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുഎസ് സേനയുടെ മുന്നറിയിപ്പുകൾ കപ്പൽ അധികൃതർ തുടർച്ചയായി അവഗണിച്ചതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത്.
ആകെ 28 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ഇതിൽ 21 പേരെ ഒമാൻ അധികൃതരുടെ സഹായത്തോടെ നേരത്തെതന്നെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിലെ നിലവിലെ കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധവും അഗാധമായ ആശങ്കയും രേഖപ്പെടുത്തി. നയതന്ത്ര ചർച്ചകളിലൂടെ മേഖലയിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Comments are closed.