സ്പെയിൻ : ഭൂമിക്ക് പുറത്ത് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ അത് ക്രൈസ്തവ വിശ്വാസത്തെയും ദൈവശാസ്ത്ര ചിന്തകളെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യവുമായി പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്. റിലീസാകാനിരിക്കുന്ന തന്റെ ഏറ്റവും പുതിയ സയൻസ് ഫിക്ഷൻ ചിത്രമായ ‘ഡിസ്ക്ലോഷർ ഡേ’യെ മുൻനിർത്തി സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്.
അന്യഗ്രഹ രഹസ്യങ്ങൾ സർക്കാർ മൂടിവെക്കുന്നതും അത് പുറത്തുകൊണ്ടുവരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മുൻ കത്തോലിക്കാ സന്യാസിനിയായ ഒരു പ്രധാന കഥാപാത്രത്തിലൂടെ കത്തോലിക്കാ സഭയുടെ നിലപാടുകളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. “നമ്മുടെ ദൈവം ഈ ഭൂമിയിലെ മനുഷ്യർക്ക് മാത്രമുള്ളതാണോ, അതോ ബുദ്ധിയുള്ള ജീവജാലങ്ങളുള്ള പ്രപഞ്ചത്തിലെ എല്ലാ സൗരയൂഥങ്ങൾക്കും പ്രപഞ്ചനാഥൻ ഒന്നാണോ?” എന്ന ഗൗരവമേറിയ ചിന്ത ചിത്രം പങ്കുവെക്കുന്നുണ്ടെന്ന് സ്പീൽബർഗ് പറഞ്ഞു.
എന്നാൽ, അന്യഗ്രഹ ജീവികളുടെ കണ്ടെത്തൽ ക്രൈസ്തവ വിശ്വാസത്തെ ഉലയ്ക്കുമെന്ന തരത്തിലുള്ള ഹോളിവുഡിന്റെ ചിന്താഗതിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനം ഉയർന്നിട്ടുണ്ട്. ക്രിസ്തുമതത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ് ഇത്തരം ബാലിശമായ ഭയം വെച്ചുപുലർത്തുന്നതെന്നും, പ്രപഞ്ചത്തിലെ ഏതൊരു കണ്ടെത്തലും ദൈവത്തിന്റെ അത്യത്ഭുതകരമായ സൃഷ്ടിവൈഭവത്തെ കൂടുതൽ മനോഹരമാക്കുകയേ ഉള്ളൂവെന്നും പ്രമുഖ ക്രൈസ്തവ എഴുത്തുകാരും മാധ്യമപ്രവർത്തകരും സ്പീൽബർഗിന് മറുപടിയായി വ്യക്തമാക്കി.

Comments are closed.