അബുജ: ദക്ഷിണ നൈജീരിയയിലെ ഒവോ കാത്തലിക് ചർച്ചിൽ 2022-ൽ 40 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണക്കേസിലെ 4 പ്രതികൾക്ക് ഫെഡറൽ കോടതി വധശിക്ഷ വിധിച്ചു. ജൂൺ 3-നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ കേസിൽ ഉൾപ്പെട്ടിരുന്ന അഞ്ചാം പ്രതിയെ കോടതി വെറുതെ വിട്ടു.
അൽ ഖ്വൊയ്ദ ബന്ധമുള്ള അൽ ഷബാബ് ഭീകര സംഘടനയിലെ അംഗങ്ങളായ ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പള്ളിയിലെ വൈദികനെ വധിക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. നൈജീരിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ദീർഘകാല അന്വേഷണത്തിന് ശേഷം 2025 ഡിസംബറിലാണ് ഈ കേസിന്റെ ഔദ്യോഗിക വിചാരണ ആരംഭിച്ചത്.
2022 ജൂൺ 5-ന് പെന്തക്കോസ്ത് തിരുനാൾ കുർബാനയ്ക്കിടെയുണ്ടായ ഈ സ്ഫോടനത്തിലും വെടിവെയ്പ്പിലും നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. ദക്ഷിണ നൈജീരിയയിൽ ഒരു ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആദ്യ ഭീകരാക്രമണമായിരുന്നു ഇത്. വിചാരണ വേളയിൽ ആക്രമണത്തെ അതിജീവിച്ച വൈദികൻ ഉൾപ്പെടെ 11 ദൃക്സാക്ഷികൾ കോടതിയിൽ മൊഴി നൽകി.

Comments are closed.