*പാക്കിസ്താനിൽ ഭരണഘടനാ പരിഷ്കരണത്തിന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ; 28-ാം ഭേദഗതിയിൽ മാറ്റങ്ങൾ വേണമെന്ന് ന്യൂനപക്ഷ സഖ്യം*
പാക്കിസ്ഥാൻ : പാക്കിസ്താനിലെ മതന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷ ശക്തമാക്കുന്നതിനായി 28-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ വിപുലമായ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. മെയ് 21-ന് ഇസ്ലാമാബാദിലെ നാഷണൽ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിയാണ് ‘മൈനോറിറ്റീസ് അലയൻസ് പാകിസ്താൻ’ (MAP), മറ്റ് സഖ്യകക്ഷികൾ എന്നിവർ തങ്ങളുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിച്ചത്. തുല്യ പൗരത്വം, ജനാധിപത്യപരമായ പ്രാതിനിധ്യം, വിവേചനങ്ങൾക്കെതിരെയുള്ള ശക്തമായ സുരക്ഷ എന്നിവ ഉറപ്പാക്കാൻ ഈ നിർദ്ദേശങ്ങൾ അത്യന്തം അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.
എംഎപി ചെയർമാനും പ്രമുഖ അഭിഭാഷകനുമായ അക്മൽ ഭട്ടി വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത പദവികൾ വഹിക്കുന്നതിൽ ഇപ്പോഴും ഭരണഘടനാപരമായ വിലക്കുകൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. നേരിട്ടുള്ള ജനാധിപത്യ പ്രാതിനിധ്യത്തിൽ നിന്ന് ന്യൂനപക്ഷ സമുദായങ്ങൾ ഇപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും, ഈ സാഹചര്യത്തിൽ പാകിസ്താന് ഒരു ബഹുസ്വര ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
“പ്രതീകാത്മകമായ നടപടികളുടെ സമയം കഴിഞ്ഞു. നിയമത്തിന് മുന്നിൽ തുല്യതയും എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങളും ഉറപ്പുനൽകുന്ന ഘടനാപരമായ ഭരണഘടനാ പരിഷ്കാരങ്ങളാണ് ഇപ്പോൾ ആവശ്യം,” ഭട്ടി വ്യക്തമാക്കി. ഈ പുതിയ പരിഷ്കരണ നിർദ്ദേശങ്ങൾ വരുംദിവസങ്ങളിൽ പാകിസ്താനിലെ ന്യൂനപക്ഷ രാഷ്ട്രീയ അവകാശ ചർച്ചകളിലും ആഗോള മനുഷ്യാവകാശ വേദികളിലും വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടും.

Comments are closed.