*
ദക്ഷിണ കൊറിയ : ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് അടിയന്തര നടപടികളുമായി ദക്ഷിണ കൊറിയ രംഗത്ത്. ക്രൂഡ് ഓയിൽ, നാഫ്ത എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കാങ് ഹൂൺ-സിക് ചൊവ്വാഴ്ച കസാക്കിസ്ഥാൻ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിന്റെ പ്രത്യേക ദൂതനായാണ് അദ്ദേഹം ഈ യാത്ര തിരിക്കുന്നത്.
ഗവൺമെന്റുകൾ, ഊർജ്ജ കമ്പനികൾ, കപ്പൽ ഓപ്പറേറ്റർമാർ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തും. മെഡിക്കൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ സുസ്ഥിരമായ വിതരണം ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ദക്ഷിണ കൊറിയയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 61 ശതമാനവും നാഫ്ത ഇറക്കുമതിയുടെ 54 ശതമാനവും ഹോർമുസ് പാതയെയാണ് ആശ്രയിക്കുന്നത്. നിലവിലെ സുരക്ഷാ പ്രതിസന്ധികൾക്കിടയിൽ വിതരണ ശൃംഖല വൈവിധ്യവത്കരിക്കേണ്ടത് രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ബ്ലൂ ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ കാങ് വ്യക്തമാക്കി.

Comments are closed.