ഇസ്ലാമാബാദ്: പാകിസ്താന്റെ ഭൂതകാലത്തിലും വർത്തമാനത്തിലും ഭാവിയിലും ക്രൈസ്തവ സമൂഹം രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പാക് ഭരണനേതൃത്വം. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ക്രൈസ്തവ സമൂഹത്തെ വാനോളം പുകഴ്ത്തിയത്. കേവലം ഒരു ആശംസ എന്നതിലുപരി, രാജ്യനിർമ്മാണത്തിൽ ക്രിസ്ത്യൻ സമൂഹം വഹിക്കുന്ന പങ്കിനെ അവർ അടിവരയിട്ട് ഉറപ്പിച്ചു.
രാജ്യത്തെ സ്കൂളുകളിലും ആശുപത്രികളിലും ക്രൈസ്തവ മിഷനറിമാരും പ്രൊഫഷണലുകളും നടത്തുന്ന സേവനങ്ങൾ നിസ്തുലമാണെന്ന് പ്രസിഡന്റ് ആസിഫ് അലി സർദാരി ഓർമ്മിപ്പിച്ചു. പാകിസ്താന്റെ വിദ്യാഭ്യാസ-ആരോഗ്യ പുരോഗതിയിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾക്ക് രാജ്യം കടപ്പെട്ടിരിക്കുന്നു. സൈന്യത്തിൽ സേവനമനുഷ്ഠിച്ച് രാജ്യത്തിന്റെ പരമാധികാരം കാക്കുന്ന ക്രൈസ്തവ സൈനികരെയും അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു.

Comments are closed.