*ലബനനിൽ ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി; രണ്ട് മേജർ ജനറൽമാരടക്കം 570 ഭീകരർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ*
ലെബനൻ : ലബനനിൽ തുടരുന്ന സൈനിക നീക്കങ്ങൾക്കിടയിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർമാരടക്കം 570 ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന വെള്ളിയാഴ്ച അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മേജർ ജനറൽ പദവിയിലുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം ഹിസ്ബുള്ളയുടെ സൈനിക ശേഷിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിക്കുന്നത്. അതിർത്തി മേഖലകളിൽ ഇപ്പോഴും പോരാട്ടം ശക്തമായി തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരരിൽ ഹിസ്ബുള്ളയുടെ എലൈറ്റ് വിഭാഗമായ ‘റദ്‌വാൻ ഫോഴ്സിലെ’ 220 അംഗങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി. കൂടാതെ, ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിടുന്ന വിഭാഗത്തിലെ 150 പേരെയും വധിക്കാൻ സാധിച്ചു. ഹിസ്ബുള്ളയുടെ ആക്രമണ സംവിധാനങ്ങളെ തകർക്കുന്നതിൽ ഈ സൈനിക നീക്കം വലിയ വിജയം കണ്ടതായാണ് ഐഡിഎഫിന്റെ വിലയിരുത്തൽ.
ഉന്നതതല കമാൻഡർമാരുടെ വലിയൊരു നിര തന്നെ ഇസ്രായേൽ ആക്രമണത്തിൽ ഇല്ലാതായിട്ടുണ്ട്. രണ്ട് മേജർ ജനറൽമാർക്ക് പുറമെ, ബ്രിഗേഡിയർ ജനറൽ പദവിയിലുള്ള നാല് പേരും, കേണൽ പദവിയിലുള്ള എട്ടു പേരും, 22 ബറ്റാലിയൻ തലത്തിലുള്ള കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹിസ്ബുള്ളയുടെ നേതൃനിരയിലുണ്ടായ ഈ വിടവ് സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു. വരും ദിവസങ്ങളിലും ആക്രമണം തുടരാനാണ് ഇസ്രായേൽ തീരുമാനം.

Comments are closed.