പഞ്ചാബ് : പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവ കുടുംബത്തെ ഔദ്യോഗിക രേഖകളിൽ മുസ്ലീങ്ങളായി രേഖപ്പെടുത്തിയ നടപടി തിരുത്താൻ കോടതി ഉത്തരവുണ്ടായിട്ടും അധികൃതർ തയ്യാറാകാത്തത് വലിയ വിവാദമാകുന്നു. കസൂർ സ്വദേശിനിയായ നസീം ബീബിയുടെയും നാല് മക്കളുടെയും മതമാണ് നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്‌ട്രേഷൻ അതോറിറ്റി തെറ്റായി രേഖപ്പെടുത്തിയത്.
2016-ൽ ഭർത്താവിന്റെ മരണശേഷം ലഭിച്ച സർട്ടിഫിക്കറ്റിലാണ് കുടുംബം ഈ പിശക് ആദ്യമായി ശ്രദ്ധിക്കുന്നത്. തുടർന്ന് വർഷങ്ങളോളം ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഇവർ സിവിൽ കോടതിയെ സമീപിച്ചു. കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിട്ടും പേരിലെ മാറ്റങ്ങൾ മാത്രം വരുത്തിയ അധികൃതർ മതം മാറ്റുന്നത് തങ്ങളുടെ അധികാരപരിധിയിൽ അല്ലെന്ന് പറഞ്ഞ് കൈമലർത്തുകയായിരുന്നു.
ഈ ഭരണപരമായ വീഴ്ച മൂലം നസീം ബീബിയും കുടുംബവും കടുത്ത സാമൂഹിക സമ്മർദ്ദവും സാമ്പത്തിക പ്രതിസന്ധിയുമാണ് നേരിടുന്നത്. മതം മാറിയവരായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയത്താൽ ഇവർക്ക് സ്വന്തം നാട് വിട്ട് ലാഹോറിലേക്ക് പലായനം ചെയ്യേണ്ടി വന്നു. തിരിച്ചറിയൽ രേഖകൾ കൃത്യമല്ലാത്തതിനാൽ നസീം ബീബിയുടെ ജോലി സ്ഥിരം വേതനത്തിൽ നിന്നും ദിനബത്തയിലേക്ക് തരംതാഴ്ത്തപ്പെടുകയും മക്കൾക്ക് ജോലി കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളത്.

Comments are closed.