സ്ട്രാസ്ബർഗ്: മക്കളെ വിട്ടുകിട്ടുന്നതിനായി സ്വീഡനിൽ നിന്നുള്ള ക്രിസ്ത്യൻ ദമ്പതികളായ ദാനിയേൽ-ബിയാങ്ക സാംസൺ സമർപ്പിച്ച ഹർജി യൂറോപ്യൻ മനുഷ്യാവകാശ കോടതി തള്ളി. ആഴ്ചയിൽ മൂന്ന് തവണ പള്ളിയിൽ പോകുന്നത് മതപരമായ തീവ്രതയായി കണക്കാക്കിയാണ് 2022-ൽ സ്വീഡിഷ് സോഷ്യൽ സർവീസ് ഇവരുടെ രണ്ട് മക്കളെയും ഏറ്റെടുത്തത്. കുട്ടികളെ വളർത്താൻ ഇവർ യോഗ്യരാണെന്ന് അന്വേഷണ റിപ്പോർട്ടുകൾ വന്നിട്ടും മൂന്ന് വർഷമായി കുടുംബത്തെ വേർപിരിക്കപ്പെട്ടിരിക്കുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ സ്ട്രാസ്ബർഗിലെ കോടതിയെ സമീപിച്ചത്. എന്നാൽ കുടുംബജീവിതത്തിനുള്ള ഇവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
രക്ഷിതാക്കൾക്ക് അവരുടെ വിശ്വാസമനുസരിച്ച് കുട്ടികളെ വളർത്താനുള്ള അവകാശമുണ്ടെന്നും സർക്കാർ ഇടപെടലുകൾ ഈ മൗലികാവകാശത്തെ തകർക്കുന്നതാണെന്നും ദമ്പതികൾക്ക് വേണ്ടി ഹാജരായ എ.ഡി.എഫ് ഇന്റർനാഷണൽ പ്രതികരിച്ചു. മകൾ നൽകിയ പരാതി പിൻവലിക്കുകയും ദമ്പതികൾക്ക് ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തിട്ടും സഭയിൽ പോകുന്നതിനെ തീവ്രതയായി വ്യാഖ്യാനിച്ചത് വിവേചനമാണെന്ന് ഇവർ ആരോപിക്കുന്നു. കേസ് യൂറോപ്യൻ കോടതി തള്ളിയെങ്കിലും മതസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങൾ ദേശീയ കോടതികളിൽ ഉന്നയിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമപോരാട്ടം തുടരാനാണ് ദമ്പതികളുടെ തീരുമാനം.

Comments are closed.