കോട്ടയം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും സാമൂഹിക വിഷയങ്ങളിലെ ഇരട്ടത്താപ്പിനെയും കടന്നാക്രമിച്ച് ഓർത്തഡോക്സ് സഭ രംഗത്തെത്തി. ബാർ സമയം നീട്ടുന്നത് പോലുള്ള സമൂഹത്തിന് ദോഷകരമായ കാര്യങ്ങളിൽ സർക്കാർ അതിവേഗം തീരുമാനമെടുക്കുമ്പോൾ, ഭിന്നശേഷി സംവരണം പോലുള്ള നീതിയുക്തമായ വിഷയങ്ങളിൽ കാലതാമസം വരുത്തുന്നത് ദുഃഖകരമാണെന്ന് സഭ വക്താവ് ബിഷപ്പ് യുഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അമ്മമാരുടെ കണ്ണുനീരിനേക്കാളും വലുതാണോ ബാർ മുതലാളിമാരുടെ ആവശ്യമെന്നും അദ്ദേഹം രൂക്ഷമായി ചോദിച്ചു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് “വൈകിവന്ന വിവേകം” മാത്രമാണെന്നാണ് സഭയുടെ പക്ഷം. എൻ.എസ്.എസിന് അനുകൂലമായ കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് ക്രൈസ്തവ സംഘടനകൾ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സർക്കാർ അത് അവഗണിക്കുകയായിരുന്നു. ഈ തീരുമാനം നേരത്തെ എടുക്കാമായിരുന്നിട്ടും ഇത്രയും കാലം വൈകിപ്പിച്ചത് ഉദ്യോഗാർത്ഥികളെയും മാനേജ്‌മെന്റുകളെയും ഒരുപോലെ വലിയ ബുദ്ധിമുട്ടിലാക്കിയെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സാഹചര്യത്തിൽ ഇപ്പോൾ വന്നിട്ടുള്ള ഈ മാറ്റം കേവലം പ്രീണന രാഷ്ട്രീയമാണെന്ന് സഭ സംശയിക്കുന്നു. രാഷ്ട്രീയ ലാഭം നോക്കി ഇത്തരം നിർണ്ണായക വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും, ആരെങ്കിലും ഇതിനെ തിരഞ്ഞെടുപ്പ് പ്രീണനമെന്ന് വിളിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ സർക്കാരിന് കുറച്ചുകൂടി ആത്മാർത്ഥത ഉണ്ടാകണമെന്നും സഭ ആവശ്യപ്പെട്ടു.

Comments are closed.