കോതമംഗലം: ആയക്കാട് ഐപിസി ബഥേൽ ചർച്ച് ഹാളിന്റെ മുറ്റത്ത് അപ്രതീക്ഷിതമായി കണ്ട മൂന്ന് മൂർഖന്മാരുടെ ദൃശ്യം കണ്ടുനിന്നവരെയെല്ലാം ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
പാസ്റ്റർ എൽദോ വർഗീസ് മതിൽക്കെട്ടിൽ കണ്ട നേരിയ അനക്കം പരിശോധിച്ചപ്പോഴാണ് മാളത്തിനുള്ളിൽ പത്തിവിടർത്തി നിൽക്കുന്ന കൊടുംവിഷമുള്ള മൂർഖൻ പാമ്പുകളെ കണ്ടത്. ഉടൻ തന്നെ വാർഡ് മെമ്പർ ബിൻസിയെ വിവരമറിയിക്കുകയും പാമ്പ് പിടുത്ത വിദഗ്ധരെ സ്ഥലത്തെത്തിക്കുകയുമായിരുന്നു. മരണത്തിന്റെ കരിനിഴൽ പോലെ ഒരേ മാളത്തിൽ പതുങ്ങിയിരുന്ന മൂന്ന് മൂർഖൻ പാമ്പുകളെയും അതീവ സാഹസികമായാണ് പിടികൂടിയത്. പാമ്പ് പിടുത്തക്കാരായ മാർട്ടിൻ മേയ്ക്കമാലിയും ജുവൽ ജൂഡിയും ചേർന്ന് നടത്തിയ മിന്നൽ നീക്കത്തിനൊടുവിൽ മൂന്നിനെയും സുരക്ഷിതമായി വലയിലാക്കി.
ഒരു മാളത്തിൽ തന്നെ മൂന്ന് മൂർഖൻ പാമ്പുകളെ ഒന്നിച്ച് കണ്ടെത്തുന്നത് തങ്ങളുടെ അനുഭവത്തിൽ തന്നെ ആദ്യമാണെന്ന് അവർ വെളിപ്പെടുത്തി. പിടികൂടിയ പാമ്പുകളെ പിന്നീട് വനപാലകർക്ക് കൈമാറുന്നതിനായി മാറ്റി.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തണുപ്പുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ മതിൽക്കെട്ടുകളിലും മാളങ്ങളിലും പതുങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് പാമ്പ് പിടുത്തക്കാർ മുന്നറിയിപ്പ് നൽകി. ചർച്ച് പരിസരത്ത് ഇത്രയധികം പാമ്പുകളെ ഒന്നിച്ച് കണ്ടത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയെങ്കിലും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. ഏതു നിമിഷവും ആപത്ത് സംഭവിക്കാവുന്ന അവസ്ഥയിൽ നിന്നും സുരക്ഷിതമായ ആശ്വാസത്തിലേക്കാണ് ഇപ്പോൾ പ്രദേശവാസികൾ എത്തിയത്.

Comments are closed.