ബംഗ്ലാദേശ് : 2024-ലെ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് ഈ വ്യാഴാഴ്ച (2026 ഫെബ്രുവരി 12) നടക്കും. 12.7 കോടി വോട്ടർമാർ പങ്കെടുക്കുന്ന ഈ പ്രക്രിയയെ 2026-ലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മുന്നേറ്റമായാണ് യൂറോപ്യൻ യൂണിയൻ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. പാർലമെന്റിലെ 300 സീറ്റുകളിലേക്ക് 2,000-ത്തോളം സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 50 വനിതാ സംവരണ സീറ്റുകൾ പിന്നീട് പാർട്ടികളുടെ പ്രകടനം അനുസരിച്ച് വീതം വെയ്ക്കും.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ രാജ്യം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴും, ക്രമസമാധാന നിലയിലെ തകർച്ചയും തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ചയും വലിയ വെല്ലുവിളിയായി തുടരുന്നു. തീവ്രവാദത്തോടുള്ള ഭരണകൂടത്തിന്റെ മൃദുസമീപനം ന്യൂനപക്ഷ വേട്ടയ്ക്കും അക്രമങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് എഫ്.എം.ഐ (FMI) പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങളുടെ വിലക്കയറ്റം മൂലം ദുരിതത്തിലായ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയും എന്നാൽ രാജ്യത്തിന്റെ ഭാവിയിലെ അനിശ്ചിതത്വത്തിൽ ആശങ്കയോടെയുമാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.
ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം Gen Z മുന്നേറ്റത്തിലുണ്ടായ ഭിന്നതയാണ്. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി സംഘടനകളുടെ രാഷ്ട്രീയ രൂപമായ നാഷണൽ സിറ്റിസൺ പാർട്ടി കടുത്ത ഇസ്ലാമിസ്റ്റ് നിലപാടുള്ള ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അവാമി ലീഗിന്റെ അഭാവത്തിൽ ബി.എൻ.പി ജമാഅത്ത്-വിദ്യാർത്ഥി സഖ്യം എന്നിവർ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Comments are closed.