ലഖ്നൗ:സ്വകാര്യ സ്വത്തിൽ മതപ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിനായി സർക്കാർ അല്ലെങ്കിൽ പോലീസ് അനുമതി ആവശ്യമില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കിയ സുപ്രധാന വിധി ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.
ക്രൈസ്തവ സംഘടനകളായ മാരനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ്യും ഇമ്മാനുവൽ ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ്ഉം സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്.
സ്വന്തമായി ഉള്ള സ്ഥലങ്ങളിൽ പ്രാർത്ഥനാ സമ്മേളനങ്ങൾ നടത്താൻ അനുമതി തേടി പലതവണ അധികാരികളെ സമീപിച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സംഘടനകൾ കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടുകയും, സർക്കാർ നൽകിയ മറുപടിയിൽ സ്വകാര്യ സ്ഥലങ്ങളിൽ പ്രാർത്ഥനയ്ക്ക് അനുമതി ആവശ്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്യും സിദ്ധാര്‍ഥ് നന്ദന്ഉം അടങ്ങിയ ഡിവിഷൻ ബെഞ്ച്, ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണെന്നും, മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആരാധനകളും പ്രാർത്ഥനകളും ഭരണഘടനാപരിധിക്കുള്ളിൽ സ്വതന്ത്രമായി നടത്താമെന്നും വ്യക്തമാക്കി.
അതേസമയം, പൊതുവഴികളോ പൊതുസ്വത്തുകളോ പ്രാർത്ഥനാ യോഗത്തിനായി ഉപയോഗിക്കുന്നുവെങ്കിൽ, പോലീസിനെ അറിയിക്കുകയും നിയമപ്രകാരമുള്ള അനുമതി നേടുകയും വേണമെന്ന് കോടതി വ്യക്തമാക്കി.
ക്രൈസ്തവ വിശ്വാസികൾക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായി അനുഷ്ഠിക്കാൻ സർക്കാർ പൂർണ്ണ സംരക്ഷണം നൽകേണ്ടതുണ്ടെന്നും, ഹർജിക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നത് സർക്കാരിന്റെ കടമയാണെന്നും കോടതി ഉത്തരവിൽ ഊന്നിപ്പറഞ്ഞു. ആവശ്യമായ സുരക്ഷ നൽകേണ്ടതുണ്ടോ, എങ്ങനെ നൽകണം എന്നത് പോലീസിന്റെ വിവേചനാധികാരത്തിലാണെന്നും കോടതി വ്യക്തമാക്കി.
വാർത്ത: പാ ഫ്രെഡി കൂർഗ്

Comments are closed.